/sathyam/media/media_files/2025/10/27/images-1280-x-960-px473-2025-10-27-19-56-34.jpg)
ഭോപ്പാൽ:മധ്യപ്രദേശിൽ കർഷകനെ ബിജെപി നേതാവും സംഘവും ചേർന്ന് അടിച്ചുകൊന്നു. ​ഗുണ ജില്ലയിലെ ​ഗണേഷ്പുര ​ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ക്രൂരത.
40കാരനായ രാംസ്വരൂപ് ധകഡ് ആണ് കൊല്ലപ്പെട്ടത്. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റും ​ഗുണയിലെ കിസാൻ മോർച്ചാ മുൻ ഭാരവാഹിയുമായ മഹേന്ദ്ര നാ​ഗറും സംഘവുമാണ് പ്രതി.
രാംസ്വരൂപും ഭാര്യയും ഇദ്ദേഹത്തിന്റെ വയലിലൂടെ നടക്കുമ്പോൾ മഹേന്ദ്രനാ​ഗറും 14 പേരടങ്ങുന്ന സംഘവും ഇവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു.
വലിയ വടികളും ഇരുമ്പു കമ്പികളും കൊണ്ട് കർഷകനെ ക്രൂരമായി ആക്രമിച്ച ഇവർ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ആക്രമണം കണ്ട് പിതാവിനെ രക്ഷിക്കാനെത്തിയ രാംസ്വരൂപിന്റെ പെൺമക്കൾക്കും മർദനമേറ്റു. ​
ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികൾ വലിച്ചിഴച്ച് മർദിച്ചു. ആയുധധാരികളായ പ്രതികൾ ഇവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
ഇവർക്കെതിരെ കൊലപാതകം, ​ഗൂഢാലോചന, ആക്രമണം, സ്ത്രീകളെ അപമാനിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫത്തേ​ഹ്​ഗഢ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ പച്ഛൽവാഡ സ്വദേശി കനയ്യ നാ​ഗർ എന്നയാളും രാംസ്വരൂപും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ വിവേക് അസ്താന പറഞ്ഞു.
'പച്ഛൽവാഡയിലെ ആറ് ബീഘ ഭൂമിയുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശത്രുത മൂലമാണ് കനയ്യ, മഹേന്ദ്ര, മറ്റ് 13-14 പേർ എന്നിവർ രാംസ്വരൂപിനെ ആക്രമിച്ചത്. ​
ഗുരുതരമായി പരിക്കേറ്റ രാംസ്വരൂപിന്റെ ശരീരത്തിലൂടെ പ്രതി വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഇതേതുടർന്ന് കർഷകൻ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്വേഷണം പുരോ​ഗമിക്കുകയാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് ധർമേന്ദ്ര സിക്കർവാർ മഹേന്ദ്ര നാ​ഗറിന് പാർട്ടിയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. മഹേന്ദ്രയെ ബിജെപിയിൽ നിന്ന് ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ധർമേന്ദ്ര സിക്കർവാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us