ഭോപ്പാൽ: ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വ്യക്തമാക്കി.
വിവാഹത്തിന്റെ പേരിൽ പെൺകുട്ടികൾ സ്വന്തം സ്വപ്‌നങ്ങളും കരിയറും ത്യജിക്കുന്ന കേസാണെന്ന വസ്തുത കുടുംബ കോടതി അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
വിവാഹ നിയമപ്രകാരം സെക്ഷൻ 13(1)(ia) പ്രകാരം വിവാഹം കഴിഞ്ഞ് വിദ്യാഭ്യാസം തുടരണ്ടെന്ന് പറയുന്നത് വിവാഹമോചനത്തിന് മതിയായ കാരണം തന്നെയാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ ഒരു വശമാണ്.
ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. അന്തസോടെയുള്ള ജീവിതം നയിക്കുന്നതിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമായ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിദ്യാഭ്യാസമില്ലാത്തതും സ്വയം മെച്ചപ്പെടുത്താൻ താൽപ്പര്യം കാണിക്കാത്തതുമായ വ്യക്തിക്കൊപ്പം ജീവിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു.
2015ൽ പരാതിക്കാരിയും പ്രതിയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹസമയത്ത് ഇരുവർക്കും പ്ലസ് ടു വിദ്യാഭ്യാസമാണുണ്ടായിരുന്നത്.
പെൺകുട്ടി പഠനം തുടരണമെന്ന് വിവാഹ സമയത്ത് തന്നെ ഭർതൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അവർ സമ്മതം നൽകുകയും ചെയ്തിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കണമെന്നും പഠനം തുടരാൻ പറ്റില്ലെന്നും ഭർതൃവീട്ടുകാർ പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിലും പെൺകുട്ടിയെ ഉപദ്രവിച്ചു.മദ്യപിച്ച് വന്ന ഭർത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പെൺകുട്ടിയുടെ പരാതി. വിവാഹ മോചനത്തിനുള്ള ഹർജിയും കോടതി ഫയൽ ചെയ്തു.
എന്നാൽ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി തള്ളുകയും ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഭർത്താവിന്റെ ഹർജി അനുവദിക്കുകയുമാണ് കുടുംബ കോടതി ചെയ്തത്. എന്നാൽ ഇതിനെതിരെ പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.