ഭോപ്പാൽ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന്റെ വിജയാഘോഷം അതിരുവിട്ടതിന് തുടർന്ന് കടുത്ത നടപടി എടുത്ത് പൊലീസ്. ആഘോഷം അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് രണ്ട് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി.
പൊലീസ് പിടികൂടിയവരുടെ തല മൊട്ടയടിച്ച് തെരുവുകളിലൂടെ നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തലമൊട്ടയടിച്ച് റോഡിലൂടെ യുവാക്കളെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്നു. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം.
ദുബായിൽ ഇന്ത്യയുടെ വിജയത്തിനുശേഷം ദേവാസിൽ നടന്ന വലിയ തോതിലുള്ള ആഘോഷങ്ങളാണ് വിവാദത്തിന് കാരണമായത്.
സയാജി ഗേറ്റിന് സമീപം അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് ചില യുവാക്കൾ തടയാൻ സ്റ്റേഷൻ ഇൻ ചാർജ് അജയ് സിംഗ് ഗുർജാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.