ഭുവനേശ്വർ: സ്ത്രീകൾക്കെതിരെ നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്ന മധ്യവയസ്കനെ ഗ്രാമത്തിലെ സ്ത്രീകൾ ചേർന്ന് കൊലപ്പെടുത്തി. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനു പിന്നാലെ മൃതദേഹം കത്തിക്കുകയും ചെയ്തു.
കുയിഹുരു ഗ്രാമവാസിയായ കാംബി മാലിക് ആണ് മരിച്ചത്. ജൂൺ 2 ന് കാംബിയുടെ കുടുംബം സ്ഥലത്തില്ലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്.
അഞ്ച് ദിവസത്തിന് ശേഷം, ആളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മോഹന പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് നിന്ന് കാംബിയുടെ പകുതി കത്തിയ മൃതദേഹം കണ്ടെത്തി.
സംഭവത്തെ തുടർന്ന് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും 8 സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ മുഴുവൻ വിവരങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
വീട്ടിൽ തനിച്ചായിരുന്നപ്പോൾ കാംബി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി.
കാടിനടുത്ത് നിന്നാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് കാംബിയുടെ മകൾ സുന്ദരി മാലിക് സ്ഥിരീകരിച്ചു. കാംബി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന കാര്യം നാട്ടുകാർക്ക് അറിയാമായിരുന്നു.
നിരവധി സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും പ്രായമായ സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കാംബി ഇത് അവഗണിക്കുകയായിരുന്നു.
നാണക്കേട് ഭയന്ന് പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. കൂടാതെ കാംബി മന്ത്രവാദം പോലുള്ള പ്രവർത്തനങ്ങളും ചെയ്തിരുന്നതായി ഗ്രാമവാസികൾ പറയുന്നു.