ഭുവനേശ്വര്‍: ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാന്നതിനായി ഒഡിഷയിലെ ബിജെപി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
‘മുഴുവൻ ഭരണ സംവിധാനവും അവിടെയുണ്ടായിരുന്നു.
പക്ഷേ, രഥങ്ങൾ നിർത്തിയിട്ടത് നിസ്സഹാതയോടെ നോക്കിനിൽക്കുകയായിരുന്നുവെന്ന്'- കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രസാദ് ഹരിചന്ദൻ പറഞ്ഞു.
ഗൗതം അദാനിയും കുടുംബവും രഥയാത്രയിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് അവിടെ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ‘ചില ഭക്തരെ' പ്രതീക്ഷിച്ചാണ് രഥങ്ങൾ നിർത്തിയതെന്ന് ക്ഷേത്രത്തിലെ മുഖ്യ ഭരണാധികാരിയും പറഞ്ഞിരുന്നു.
അതിനാൽ, അദാനി കുടുംബത്തിന്റെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് ഈ കാലതാമസം ആസൂത്രണം ചെയ്തതെന്ന് ന്യായമായും സംശയിക്കണം' പ്രസാദ് ഹരിചന്ദൻ പറഞ്ഞു.
സംഭവത്തിൽ പുരിയിലെ സിറ്റിംഗ് ജില്ലാ, സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഹരിചന്ദൻ ആവശ്യപ്പെട്ടു.