അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ഭൂപൻ ബോറ പാർട്ടി വിട്ടു, വില്ലനായത് രാഖിബുൾ ഹുസൈനോ?

മുതിര്‍ന്ന നേതാവ് രാഖിബുള്‍ ഹുസൈനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബോറയുടെ പടിയിറക്കം.

New Update
Untitled

ദിസ്പൂര്‍: 2026-ലെ നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

Advertisment

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും അദ്ദേഹം രാജിക്കത്ത് അയച്ചു. തന്റെ എക്‌സ് ബയോയില്‍ നിന്ന് കോണ്‍ഗ്രസ് എന്ന പേര് നീക്കം ചെയ്ത ബോറ, പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു.


മുതിര്‍ന്ന നേതാവ് രാഖിബുള്‍ ഹുസൈനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബോറയുടെ പടിയിറക്കം. പാര്‍ട്ടിയിലെ സംഘടനാ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും അസ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് ഹുസൈനെതിരെയുള്ള പ്രധാന ആരോപണം.


ബോറയ്ക്ക് പിന്നാലെ പശ്ചിമ ഗോള്‍പാറയിലെ എംഎല്‍എ അബ്ദുര്‍ റഷീദ് മണ്ഡലും പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹവും രാഖിബുള്‍ ഹുസൈനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ റൈജോര്‍ ദള്‍, അസം ജാതീയ പരിഷത്ത് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ആദ്യം ഈ ചര്‍ച്ചകള്‍ക്ക് ഭൂപന്‍ ബോറയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് രാഖിബുള്‍ ഹുസൈനെ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയത് സഖ്യകക്ഷികള്‍ക്കിടയിലും പാര്‍ട്ടിക്കുള്ളിലും വലിയ അതൃപ്തിക്ക് കാരണമായി.

ഒരു വിഭാഗം സീറ്റുകള്‍ വിട്ടുനല്‍കി സഖ്യം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റൊരു വിഭാഗം മാര്‍ഗരിറ്റ, ധിംഗ് തുടങ്ങിയ സുപ്രധാന സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനെ എതിര്‍ക്കുന്നു.


പരിവര്‍ത്തന്‍ യാത്രയിലൂടെ ആവേശമുണ്ടാക്കിയ ഗൗരവ് ഗോഗിക്ക്, നിലവിലെ ആഭ്യന്തര കലഹം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സഖ്യകക്ഷികള്‍ക്ക് വ്യക്തമായ ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായേക്കാം.


ന്യൂനപക്ഷ രാഷ്ട്രീയവും 'മിയ കവിത' വിവാദങ്ങളും വീണ്ടും ചര്‍ച്ചയാകുന്നത് അസമിനെപ്പോലൊരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

Advertisment