ഭൂപൻ ബോറ ബിജെപിയിലേക്ക് പോകില്ല; മടക്കിക്കൊണ്ടുവരാൻ തീവ്രശ്രമം, ഉറപ്പിച്ചു പറഞ്ഞ് അഖിൽ ഗോഗി

തന്റെ എക്‌സ് പ്രൊഫൈലില്‍ നിന്ന് 'കോണ്‍ഗ്രസ്' എന്ന പേര് നീക്കം ചെയ്ത അദ്ദേഹം, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് അയച്ചിരുന്നു.

New Update
Untitled

ദിസ്പൂര്‍: അസം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ഭൂപന്‍ ബോറ ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ തള്ളി റൈജോര്‍ ദള്‍ നേതാവും ശിവസാഗര്‍ എംഎല്‍എയുമായ അഖില്‍ ഗോഗി. ബോറ കോണ്‍ഗ്രസ് വിട്ടത് സത്യമാണെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഗോഗി വ്യക്തമാക്കി.

Advertisment

'ഭൂപന്‍ ബോറ രാജിവെച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പാര്‍ട്ടിയുടെ വാതിലുകള്‍ അദ്ദേഹത്തിനായി ഇപ്പോഴും തുറന്നുകിടക്കുകയാണ്.'


മുതിര്‍ന്ന നേതാവ് രാഖിബുള്‍ ഹുസൈന്‍ പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് സംഘടനയ്ക്കുള്ളില്‍ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് ബോറ രാജിവെച്ചത്.

തന്റെ എക്‌സ് പ്രൊഫൈലില്‍ നിന്ന് 'കോണ്‍ഗ്രസ്' എന്ന പേര് നീക്കം ചെയ്ത അദ്ദേഹം, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് അയച്ചിരുന്നു.

2021 മുതല്‍ 2024 വരെ അസം കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ബോറയുടെ പടിയിറക്കം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് അഖില്‍ ഗോഗി ഉള്‍പ്പെടെയുള്ളവര്‍ അനുനയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment