/sathyam/media/media_files/2026/02/22/untitled-2026-02-22-13-11-14.jpg)
ഗുവാഹത്തി: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസം കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു.
ഞായറാഴ്ച ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനമായ 'വാജ്പേയി ഭവനില്‍' നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ, ബിജെപി എംപി ബൈജയന്ത് പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ബോറയോടൊപ്പം മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഞ്ജു ബോറയും ബിജെപിയില്‍ ചേര്‍ന്നു.
ഫെബ്രുവരി 16-നായിരുന്നു ഭൂപന്‍ ബോറ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രാജി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിക്കുകയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം സമയം ചോദിച്ചിരുന്നെങ്കിലും, തൊട്ടുടുത്ത ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബോറയുടെ വസതി സന്ദര്‍ശിക്കുകയും അദ്ദേഹം ഫെബ്രുവരി 22-ന് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജിക്കത്തില്‍, പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും ബോറ ആരോപിച്ചിരുന്നു. 32 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് എത്തിയത്.
2021 മുതല്‍ 2025 വരെ അസം പിസിസി അധ്യക്ഷനായിരുന്നു ബോറ. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന് പകരം ഗൗരവ് ഗൊഗോയിയെ നിയമിച്ചത്. രണ്ട് തവണ നിയമസഭാംഗമായിരുന്നു അദ്ദേഹം.
ബോറയുടെ രാജി തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പരിഹസിച്ചു. കോണ്‍ഗ്രസിലെ 'അംഗീകരിക്കപ്പെട്ട അവസാനത്തെ ഹിന്ദു നേതാവ്' എന്നാണ് ബോറയെ അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെപിയില്‍ ബോറയ്ക്ക് അര്‍ഹമായ ആദരവും പദവിയും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്‍ അധ്യക്ഷന്‍ തന്നെ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us