ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു.
അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
മരിച്ചതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രഥയാത്രയില്‍ പങ്കെടുക്കാനാണ് ഇവര്‍ പുരിയിലേക്ക് വന്നത്. തിക്കിലും തിരക്കിലുംപെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
രഥയാത്രയുടെ ഭാഗമായി ജഗന്നാഥ, ബലഭദ്ര, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങള്‍ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് ഒരുമിച്ച് വന്ന സമയത്താണ് ഭക്തരുടെ തിരക്കുണ്ടായത്. രഥങ്ങള്‍ എത്തിയതോടെ നൂറുകണക്കിന് ഭക്തര്‍ പ്രാര്‍ത്ഥിക്കാനായെത്തി.
ദര്‍ശനത്തിനായി ജനക്കൂട്ടം തിരക്കുകൂട്ടിയതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയായിരുന്നു. രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കലക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു.