/sathyam/media/media_files/2025/12/25/maoist-2025-12-25-17-22-53.png)
ഭുവനേശ്വര്‍: ഒഡീഷയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് മാവോയിസ്റ്റുകളില്‍ പ്രമുഖ നേതാവായ ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പെട്ടതായി സ്ഥിരീകരണം.
ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 1.1 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ ഇയാള്‍ സംഘടനയുടെ ഒഡീഷയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന പ്രധാനിയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട മറ്റ് അഞ്ച് പേരില്‍ രണ്ട് വനിതാ കേഡര്‍മാരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തെ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു നീക്കമായാണ് സുരക്ഷാസേന ഇതിനെ കാണുന്നത്.
രാവിലെ ഒന്‍പത് മണിയോടെ ബിഎസ്എഫും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത്. ആറ് മാവോയിസ്റ്റുകളുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍കൂടിയാണ് ഗണേഷ്. തെലങ്കാനയിലെ നല്‍ഗോണ്ട സ്വദേശിയായ ഗണേഷ് കഴിഞ്ഞ 40 വര്‍ഷമായി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
മാവോവാദികളുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങള്‍ക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാള്‍. മാവോവാദികളുടെ 'ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണ്‍ കമ്മിറ്റി'യും പ്രധാന പങ്കുവഹിച്ചിരുന്നു. മേഖലയിലെ പല മാവോവാദി ആക്രമണങ്ങളുടെയും മുഖ്യസൂത്രധാരനായിരുന്നു ഗണേഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us