ബിഹാറിൽ ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ചതിന് ഭാര്യാ പിതാവ് യുവാവിനെ വെടിവെച്ചു കൊന്നു

രാഹുലിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തന്നുവിന്റെ പിതാവ് പ്രേംശങ്കർ ഝായെ വിദ്യാർഥികൾ മർദിച്ചു

New Update
images(1671)

ദർഭംഗ: ബിഹാറിലെ ദർഭംഗയിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളജിൽ വിദ്യാർഥിയായ രാഹുൽ കുമാർ ആണ് കൊല്ലപ്പെട്ടത്. 

Advertisment

ഈ കോളജിലെ വിദ്യാർഥിയായ തന്നു പ്രിയയെ ആണ് രാഹുൽ വിവാഹം കഴിച്ചത്. ആശുപത്രിക്ക് ഉള്ളിൽവെച്ചാണ് തന്നുവിന്റെ മുന്നിൽ പോയിന്റ് ബ്ലാങ്കിൽ രാഹുൽ കൊല്ലപ്പെട്ടത്.

രാഹുലും തന്നുവും വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണ്. ഇവരുടെ വിവാഹത്തിൽ തന്നുവിന്റെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. 

രാഹുലിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തന്നുവിന്റെ പിതാവ് പ്രേംശങ്കർ ഝായെ വിദ്യാർഥികൾ മർദിച്ചു. സാരമായി പരിക്കേറ്റ പ്രേംശങ്കർ ചികിത്സയിലാണ്. നാല് മാസം മുമ്പാണ് രാഹുലും തന്നുവും വിവാഹിതരായത്. കോളജ് ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്.

''കഴിഞ്ഞ ദിവസം വൈകുന്നേരം മുഖംമൂടി ധരിച്ച ഒരാൾ രാഹുലിന്റെ അടുത്തേക്ക് വന്നു. അത് എന്റെ അച്ഛനാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. 

അദ്ദേഹം എന്റെ മുന്നിൽവെച്ച് ഭർത്താവിന്റെ നെഞ്ചിൽ നിറയൊഴിച്ചു. വെടിയേറ്റ് അവൻ എന്റെ മടിയിലേക്കാണ് വീണത്. എന്റെ പിതാവാണ് രാഹുലിന് നേരെ നിറയൊഴിച്ചത്. 

പക്ഷേ എന്റെ കുടുംബം മുഴുവൻ ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പിതാവും സഹോദരൻമാരും ഞങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കോടതിയിൽ പറഞ്ഞിരുന്നു''- തന്നു പറഞ്ഞു.

വെടിവെച്ചതിന് പിന്നാലെ രാഹുലിന്റെ സുഹൃത്തുക്കളും വിദ്യാർഥികളും ചേർന്ന് പ്രേംശങ്കറിനെ മർദിച്ചു. രാഹുലിന് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. 

പൊലീസ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ പിന്തിരിയാൻ തയ്യാറായില്ല. ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാറും സീനിയർ പൊലീസ് സൂപ്രണ്ട് ജഗന്നാഥ് റെഡ്ഡിയും കോളജിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സംഘത്തെ കോളജിലും ഹോസ്റ്റൽ പരിസരത്തും വിന്യസിച്ചിട്ടുണ്ട്.

Advertisment