/sathyam/media/media_files/2025/08/06/rahul-gandhi-scloud-2025-08-06-09-07-22.jpg)
ബിഹാർ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഒക്ടോബറിലോ നവംബറിലോ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി രാഷ്ട്രീയപോരാട്ടം പതിവിലേറെ മുറുകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെത്തി അങ്കം കുറിച്ചതോടെ കടുത്ത വീറും വാശിയും പ്രകടമാണ്. ജെഡിയു- ബിജെപി സഖ്യവും ആർജെഡി- കോണ്ഗ്രസ് സഖ്യവും ഇത്തവണ വിട്ടുകൊടുക്കാൻ തയാറല്ല. ജാതി സെൻസസ് രാഷ്ട്രീയം.
വോട്ടുകൊള്ള മുതൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വരെ ബിഹാറിൽ വലിയ ചർച്ചയാണ്. എങ്കിലും ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്.
ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ലെന്നാകും ബിജെപി ഇപ്പോൾ ചിന്തിക്കുക. ജാതി സെൻസസിന്റെ പ്രധാന ക്രെഡിറ്റ് രാഹുലിന്റേതായതിൽ ബിജെപിക്കു സ്വയം പഴിക്കാനേ കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റിക്കാർഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ മുഖ്യ ചർച്ചയാകാനിടയില്ല.
രാഹുലിന്റെ വോട്ടവകാശ യാത്ര
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര (വോട്ട് അധികാർ യാത്ര) തിങ്കളാഴ്ച പാറ്റ്നയിൽ സമാപിക്കുന്നതോടെ കളം മുറുകും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്ന് അംബേദ്കറുടെ പ്രതിമയിലേക്കു മാർച്ച് ചെയ്യുന്ന ഘോഷയാത്രയോടെയാണു യാത്ര അവസാനിക്കുക.
വോട്ടവകാശ യാത്രയുടെ സമാപനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രതിപക്ഷ മുന്നേറ്റത്തിന്റെയും തുടക്കമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പ്രതീക്ഷിച്ചതിലേറെ ആവേശമുയർത്താൻ രാഹുലിനു കഴിഞ്ഞത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഉറക്കം കെടുത്തും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായവും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും ഉയർത്തുന്ന വെല്ലുവിളിക്കു പുറമെയാണ് ഭരണസഖ്യത്തിനു മുന്നിൽ രാഹുലിന്റെ വോട്ടവകാശ യാത്രയുടെ തിരതള്ളൽ.
വോട്ട് ആയുധവും ശക്തിയും
ജനാധിപത്യഭരണത്തിൽ പൗരന്മാർക്കുള്ള ഏറ്റവും ശക്തമായ അക്രമരഹിത ആയുധമാണു വോട്ട്. തുല്യാവകാശവും തുല്യനീതിയും നേടിയെടുക്കാനുള്ള ആയുധം. വിലയേറിയ ഈ വോട്ടവകാശത്തിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കപ്പെടുന്നുവെന്ന തോന്നൽപോലും ആപത്കരമാണ്.
വോട്ടുകൊള്ളയെക്കുറിച്ച് ഡിജിറ്റൽ പ്രസന്റേഷനോടെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നേവരെ ഒന്നും പറയാത്തതുതന്നെ കള്ളം വെളിപ്പെടുത്തുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
വോട്ടുമോഷണം കെട്ടുകഥയല്ല
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിവിട്ട കോളിളക്കം അത്രവേഗം കെട്ടടങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് പലതും ശരിയാണെന്നു ഭൂരിപക്ഷം ജനങ്ങൾ മനസിലാക്കി.
രാഹുൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിഷേധിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാൻ ബിജെപി മന്ത്രിമാരും നേതാക്കളും വക്താക്കളും നിരയായി രംഗത്തിറങ്ങിയെന്നതും അപഹാസ്യമായി.
ഒരു വീട്ടിൽ 947 വോട്ടർമാർ!
ബിഹാറിലെ ബോധ് ഗയയിൽ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിൽ 947 വോട്ടർമാർ ഉണ്ടെന്നാണു രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയ ആരോപണം. നിഡാനിയിലെ ഒരൊറ്റ വീട്ടുനന്പറിൽ (നന്പർ ആറ്) ആയിരത്തോളം പേരാണു വോട്ടർപട്ടികയിലുള്ളത്. നൂറുകണക്കിന് വീടുകളുള്ള ഗ്രാമമാണിത്.
ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുതോറും നേരിട്ടു ചെന്നു പരിശോധിച്ചാണ് വോട്ടർപട്ടികയിലെ വീട്ടുനന്പർ അടക്കമുള്ള വിവരങ്ങൾ ചേർക്കുന്നതെന്നാണ് പറയുന്നത്. സ്ഥിരമായ വീട്ടുനന്പറുകൾ ഇല്ലാത്തതിനാൽ ആ ഗ്രാമത്തിലെ വോട്ടർമാർക്കെല്ലാം ഒരേ സാങ്കല്പിക വീട്ടുനന്പർ നൽകിയെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വിശദീകരിച്ചത്.
മോദിയുടെ അമൃതകാല, ഡിജിറ്റൽ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തമായി വീട്ടുനന്പർ പോലും ഇല്ലെന്നതു പരിഹാസ്യവും അവിശ്വസനീയവുമാണ്.