പാട്ന: മഹാഗത്ബന്ധനിലെ ആർ.ജെ.ഡി, കോൺഗ്രസ്, മൂന്ന് ഇടതുപക്ഷ പാർട്ടികൾ എന്നിവർ ചേർന്ന് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ ബിഹാറിൽ ചൊവ്വാഴ്ച നിതീഷ് കുമാർ വിശ്വാസ വോട്ട് തേടും.
വിശ്വാസ വോട്ടെടുപ്പ് നടപടികൾക്കായി ചൊവ്വാഴ്ച്ച ചേരുന്ന സംസ്ഥാന അസംബ്ലിയിലേക്ക് ഇരുവിഭാഗങ്ങളും വിപ്പ് നൽകിയാവും എംഎൽഎമാരെ അയയ്ക്കുക. വിപ്പ് ലംഘിച്ചാൽ അയോഗ്യത നേരിടേണ്ടിവരും. അതേ സമയം നിലവിലെ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്നാണ് നിതീഷ് ക്യാമ്പിന്റെ വിശ്വാസം.
കോൺഗ്രസിന്റെ 19 എംഎൽഎമാരിൽ 16 പേരും ഹൈദരാബാദിലാണെങ്കിൽ, 78 ബിജെപി എംഎൽഎമാരും ഗയയിൽ ശനിയാഴ്ച സമാപിച്ച ദ്വിദിന പരിശീലന സെഷനിൽ പങ്കെടുത്തു എന്നാണ് വിവരം.
ജെഡി(യു) മന്ത്രി ശ്രാവൺ കുമാർ തന്റെ പാർട്ടിയുടെ 45 എംഎൽഎമാർക്കായി പട്‌നയിൽ ഉച്ചഭക്ഷണം ഒരുക്കിയപ്പോൾ ആർജെഡി ശനിയാഴ്ച പട്‌നയിൽ 79 എംഎൽഎമാരുടെ യോഗം വിളിച്ചു.
അതേ സമയം ശനിയാഴ്ചയും സിപിഐ(എംഎൽ-ലിബറേഷൻ) എംഎൽഎമാരായ മെഹബൂബ് ആലം, സത്യദേവ് റാം എന്നിവർ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവായ ജിതൻ റാം മാഞ്ചിയെ സന്ദർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. നിതീഷിനെ എൻഡിഎയിലേക്ക് തിരിച്ചെടുക്കുന്നതിൽ മാഞ്ചി നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു.