ഡല്‍ഹി: ബിഹാറില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്)- ബിജെപി സഖ്യമാണ് സംസ്ഥാന നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുക.
243 അംഗ അസംബ്ലിയില്‍ 128 അംഗബലമുള്ള ഈ കൂട്ടുകെട്ട് നിര്‍ണായകമായ വോട്ടെടുപ്പ് സുഗമമായി ജയിക്കുമെന്നാണ് പ്രതീക്ഷ. ബിഹാര്‍ നിയമസഭയിലെ ഭൂരിപക്ഷം 122 ആണ്.
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഞായറാഴ്ച ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ വിജയ് കുമാര്‍ ചൗധരിയുടെ വീട്ടില്‍ സുപ്രധാന യോഗം വിളിച്ചിരുന്നു. വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് ജെഡിയു തലവനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് വേളയില്‍ തന്റെ എല്ലാ പാര്‍ട്ടി എംഎല്‍എമാരും സഭയില്‍ ഹാജരാകാനും സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും സംഭവങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും അദ്ദേഹം ഉപദേശിച്ചു.
വിജയ് കുമാര്‍ ചൗധരിയുടെ വീട്ടില്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ ഏതാനും ജെഡിയു എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ വിട്ടുനില്‍ക്കുന്നവര്‍ സഭയില്‍ ഹാജരാകുമെന്ന് വിജയ് കുമാര്‍ ചൗധരി പറഞ്ഞു. ദിലീപ് റോയ്, ബിമര്‍ ഭാരതി, സുദര്‍ശന്‍ കുമാര്‍ സിംഗ് എന്നിവരാണ് ഹാജരാകാത്ത ജെഡിയു എംഎല്‍എമാര്‍.