ചെന്നൈ : ബൈക്ക് റേസർ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗിനിടെ നടന്ന അപകടത്തിൽ മരിച്ചു. സ്പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനായ പതിമൂന്നുകാരനാണ് ശ്രേിയസ് ഹരീഷ്. ചെന്നൈ ഇരുങ്ങാട്ടുകോട്ടയിൽനടക്കുന്ന ദേശീയ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിൽ (എൻഎംആർസി) വെച്ച് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അന്ത്യം.
ശനിയാഴ്ചയായിരുന്നു സംഭവം. ബംഗളൂരു കിഡ് എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോർബൈക്ക് ഓടിക്കുന്നതിനിടെ സ്‌കിഡ് ആയി വീഴുകയായിരുന്നു. റേസിന്റെ മൂന്നാം റൗണ്ടിൽ മോട്ടോർബൈക്കിൽ നിന്ന് താഴെ വീണതോടെ ശ്രേയസിന്റ ഹൈൽമെറ്റ് തലയിൽ നിന്ന് തെറിച്ചുപോയി. പിന്നാലെ വന്ന ബൈക്ക് ശ്രേയസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയല്ല.
ഈ വർഷം മെയിൽ സ്പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡ് ശ്രേയസ് സ്വന്തമാക്കിയിരുന്നു. സ്‌പെയിനിൽ നടന്ന എഫ്‌ഐഎം മിനി-ജിപി വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരം ഒന്നാമത്തെയും രണ്ടാമത്തെയും മത്സരങ്ങളിൽ യഥാക്രമം 5-ഉം 4-ഉം സ്ഥാനങ്ങൾ നേടിയിരുന്നു.