കോട്ടയം: വിമർശനങ്ങൾക്കിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ്.
രാവിലെ എഴിനായിരുന്നു മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു.
ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.
അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സർക്കാർ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.