ഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി 1737.68 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലുമായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നടത്തിയ മൊത്തം ചെലവിന്റെ മൂന്നിരട്ടി കൂടുതലാണിത്.
ഈ തെരഞ്ഞെടുപ്പുകളിലായി 584.65 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവഴിച്ചത്. 2019നെ അപേക്ഷിച്ച് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചെലവ് 37 ശതമാനം വര്‍ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ തിരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണ ഇത് 1264.33 കോടിയായിരുന്നു.
ജനുവരി 30 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബിജെപി 1492.39 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും 245.29 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ചെലവഴിച്ചതായി പറയുന്നു
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ 35 ശതമാനവും അതായത് 611.50 കോടി രൂപ ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെ നല്‍കിയ പരസ്യങ്ങളിലാണ്.
പരസ്യത്തിനായി ചെലവഴിച്ച തുകയുടെ 30 ശതമാനവും ഗൂഗിള്‍ ഇന്ത്യയ്ക്കും (156.95 കോടി രൂപ), ഫേസ്ബുക്കിനും (24.63 കോടി രൂപ) ലഭിച്ചു.
ഇതിനുപുറമെ താരപ്രചാരകരുടെ യാത്രയ്ക്കായി ബിജെപി ചെലവഴിച്ചത് 168.92 കോടി രൂപയാണ്. ഇതില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടുന്നു.
ഹോര്‍ഡിംഗുകള്‍, കട്ടൗട്ടുകള്‍, സ്റ്റിക്കറുകള്‍, ഹാന്‍ഡ്ബില്ലുകള്‍, തൊപ്പികള്‍, പതാകകള്‍, സാരികള്‍ എന്നിവയുള്‍പ്പെടെ പ്രചാരണ സാമഗ്രികള്‍ക്കായി 55.75 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചു
പൊതുയോഗം സംഘടിപ്പിക്കാന്‍ 19.84 കോടി രൂപ ചെലവഴിച്ചു. രണ്ട് സര്‍വേകള്‍ക്കായി 19.58 കോടിയും 'നമോ സ്റ്റാളുകള്‍'ക്കായി 1.79 കോടിയും ചെലവഴിച്ചതായും പാര്‍ട്ടി അറിയിച്ചു.
ജനുവരി 22നാണ് ബിജെപി തിരഞ്ഞെടുപ്പ് ചെലവുകളുടെ റിപ്പോര്‍ട്ട് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 90 ദിവസത്തെ സമയപരിധിയേക്കാള്‍ വളരെ വൈകിയാണ് ഇത് വന്നത്.