പനാജി: സ്വന്തം സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ഗോവ മന്ത്രിയും ബിജെപി നേതാവുമായ പാണ്ഡുരംഗ് മദ്‌കൈക്കര്‍ രംഗത്ത്.
സംസ്ഥാന സര്‍ക്കാരില്‍ അഴിമതി നടക്കുന്നുണ്ടെന്നും മന്ത്രിമാര്‍ നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നുണ്ടെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷം ബിജെപി നേതാക്കള്‍ രൂക്ഷമായി പ്രതികരിക്കുകയും ആരോപണവിധേയമായ അഴിമതിയില്‍ ഉള്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൊവ്വാഴ്ച പനാജിയില്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസേഷന്‍ ബിഎല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മദ്‌കൈക്കര്‍ ഈ സെന്‍സേഷണല്‍ അവകാശവാദം ഉന്നയിച്ചത്.
ഒരു മന്ത്രിക്ക് താന്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഗോവയില്‍ ഒരു ജോലിയും നടക്കുന്നില്ലെന്നും എല്ലാ മന്ത്രിമാരും നോട്ടുകള്‍ എണ്ണുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്ന് മദ്‌കൈക്കര്‍ പറഞ്ഞു. സര്‍ക്കാരില്‍ മന്ത്രിമാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് തനിക്കറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒരു ചെറിയ ജോലിക്ക് ഞാന്‍ ഒരു മന്ത്രിക്ക് 15-20 ലക്ഷം രൂപ കൊടുത്തു, പക്ഷേ അദ്ദേഹം ഇതുവരെ തന്റെ ജോലി ചെയ്തിട്ടില്ല. എന്റെ ഫയല്‍ കെട്ടിക്കിടക്കുകയാണ്, ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം അദ്ദേഹം എന്നെ കാണാന്‍ വിസമ്മതിക്കുന്നു.
ഈ പ്രസ്താവനയില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അതേസമയം, മന്ത്രിയുടെ പേര് വെളിപ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍ മദ്‌കൈക്കറിനോട് ആവശ്യപ്പെട്ടു.
തെളിവില്ലാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ഗോവ വ്യവസായ മന്ത്രി മാവിന്‍ ഗോഡിഞ്ഞോ മദ്‌കൈക്കറിനെതിരെ തിരിച്ചടിച്ചു.
അതേസമയം, മദ്‌കൈകറുടെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തു കൊണ്ടു വരണമെന്ന് സാമൂഹികക്ഷേമ മന്ത്രി സുഭാഷ് ഫാല്‍ദേശായി പറഞ്ഞു. ഒരു ജോലിക്കും ഞാന്‍ പണം വാങ്ങാറില്ല, പണം കിട്ടുന്ന ഒരു വകുപ്പുപോലും തനിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.