/sathyam/media/media_files/2025/10/06/mob-attack-1-2025-10-06-20-43-49.jpg)
ഡൽഹി: ബംഗാളിലെ ജല്‍പൈഗുരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായി ബിജെപി എംപി ഖഗേന്‍ മുര്‍മു. പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മാള്‍ഡ ഉത്തറില്‍ നിന്നുള്ള ബിജെപി എംപി ഖഗേന്‍ മുര്‍മു, സിലിഗുരി എംഎല്‍എ ശങ്കർ ഘോഷ് എന്നിവരെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചത്.
500 പേരടങ്ങുന്ന സംഘം കല്ലെറിയുകയും വടികൊണ്ട് ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. തലക്ക് ഗുരുതരമായി പരുക്കേറ്റ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശമാണ് ജല്‍പൈഗുരി ജില്ലയിലെ നാഗറകട. ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണത്തെ പൂര്‍ണമായും തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
ദീര്‍ഘകാലമായി ബിജെപി തുടരുന്ന ജനങ്ങളോടുള്ള അവഗണനയുടെ ഫലമാണിതെന്നും ആക്രമണം ബിജെപിയുടെ പരാജയമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
സാധാരണക്കാരെ ദുരിതം ബാധിച്ചപ്പോള്‍, ദുരിതാശ്വാസത്തിന് ഒരു പദ്ധതിയുമില്ലാതെ 10 കാറുകളുമായി എത്തി നേതാക്കള്‍ അവിടെ ഫോട്ടോ ഷൂട്ടാണ് നടത്തിയത്. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാര്‍ ആക്രമിച്ചതെന്നും കുനാല്‍ ഘോഷ് പറഞ്ഞു.