ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമായി നിലനിൽക്കാൻ സാധിക്കില്ലെന്ന് ബിജെപി എംപി സുധാംശു ത്രിവേദി. ദേശീയ പതാകയിലെ ആശോകചക്രം ഹിന്ദു ചിഹ്നമാണ്.
മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേല്‍ കടന്നുകയറുകയാണെന്നും ഡല്‍ഹിയില്‍ 'ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി' എന്ന പുസ്തത്തിന്റെ പ്രകാശനച്ചടങ്ങില്‍ സുധാംശു പറഞ്ഞു.
കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വിമര്‍ശനം നേരിട്ട വിവാദ സിനിമ 'ദ കേരള സ്റ്റോറി'യുടെ തുടര്‍ച്ചയായി സംവിധായകനായ സുദീപ്‌തോ സെനും മലയാളിയായ ജെ.കെ. അംബികയും ചേര്‍ന്നെഴുതിയ പുസ്തകമാണ് 'ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി'. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജ്യസഭാംഗം സുധാംശു ത്രിവേദി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു.
മലപ്പുറത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളിലെയും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനായിരുന്നു നീക്കം. ബിജെപി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് അതു നടക്കാതെ പോയത്.-സുധാംശു ത്രിവേദി പറഞ്ഞു.