ഡല്‍ഹി: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആര്‍എസ്എസ് അംഗത്തിന്റെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കി അമിത് മാളവ്യ. 10 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. ആര്‍എസ്എസ് അംഗം സനാതനു സിന്‍ഹയ്ക്കെതിരെയാണ് 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
സിന്‍ഹയുടെ തെറ്റായ, അപകീര്‍ത്തികരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വക്കീല്‍ നോട്ടീസില്‍ മാളവ്യ ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ സ്വഭാവം അങ്ങേയറ്റം കുറ്റകരമാണെന്നും നോട്ടീസില്‍ പറയുന്നു. മാളവ്യ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സിന്‍ഹ ആരോപിച്ചിരുന്നു.
അതേസമയം, മാളവ്യയ്ക്കെതിരെ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് തിങ്കളാഴ്ച ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നീചമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ആര്‍എസ്എസ് അംഗം സന്തനു സിന്‍ഹ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
സ്ത്രീകളെ അയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫീസുകളിലും ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് ഐടി സെല്‍ മേധാവിയായ പ്രമുഖ ബിജെപി പ്രവര്‍ത്തകനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.