ഡല്‍ഹി: ആംബുലന്‍സ് സേവനങ്ങളുമായി പലചരക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന സേവനം ആരംഭിച്ച ബ്ലിങ്കിറ്റ് രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.
ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 10 മിനിറ്റ് ആംബുലന്‍സ് സേവനം ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷമാണ് ഗോയലിന്റെ പരാമര്‍ശം.
ആംബുലന്‍സ് സേവനങ്ങളോ മരുന്നുകളോ വിതരണം ചെയ്യുന്ന ബ്ലിങ്കിറ്റിനോട് എന്റെ ഒരേയൊരു നിര്‍ദേശം അവര്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മറ്റ് നിയമപരമായ ആവശ്യകതകള്‍ എന്തൊക്കെയാണെങ്കിലും ശരിയായി ശ്രദ്ധിക്കണമെന്നും മാത്രമാണ്. രാജ്യത്തെ ഒരു നിയമവും ലംഘിക്കാന്‍ പാടില്ല, ഗോയല്‍ പറഞ്ഞു
10 മിനിറ്റ് ദൈര്‍ഘ്യമുള്ള ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ട മറ്റ് നിയമപരമായ ആവശ്യകതകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
10 മിനിറ്റിനുള്ളില്‍ തന്നെ ആവശ്യക്കാര്‍ക്ക് ആംബുലന്‍സ് ലഭ്യമാക്കുന്ന സേവനമാണ് ബ്ലിങ്കിറ്റ് പ്രഖ്യാപിച്ചത്. തുടക്കത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ ഗുരുഗ്രാമില്‍ സര്‍വീസ് നടത്തും.
ആവശ്യക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. വ്യാഴാഴ്ചയാണ് പുതിയ സേവനം ആരംഭിക്കുന്നതായി പ്രഖ്യാപനമുണ്ടായത്.
കമ്പനിയുടെ ആദ്യത്തെ അഞ്ച് ആംബുലന്‍സുകള്‍ വ്യാഴാഴ്ച ഗുരുഗ്രാമില്‍ പുറത്തിറക്കിയതായി ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സ എക്സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു
കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ആപ്പ് വഴിയാണ് ആംബുലന്‍സ് ബുക്ക് ചെയ്യാനാവുക.
ഓക്സിജന്‍ സിലിണ്ടറുകള്‍, എഇഡികള്‍, സ്ട്രെച്ചറുകള്‍, മോണിറ്ററുകള്‍, സക്ഷന്‍ മെഷീനുകള്‍, എമര്‍ജന്‍സി മെഡിസിനുകള്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അടക്കം സര്‍വസജ്ജമായ ആംബുലന്‍സുകളാണ് നിരത്തിലിറങ്ങുക
ഓരോ വാഹനത്തിലും ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, ഒരു അസിസ്റ്റന്റ്, പരിശീലനം ലഭിച്ച ഒരു ഡ്രൈവര്‍ എന്നിവരുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ സേവനം ഉറപ്പാക്കും.