/sathyam/media/media_files/2025/10/05/blinkit-2025-10-05-21-58-53.jpg)
മുംബൈ ∙ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു.
പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തിൽ സ്പർശിച്ചു എന്നു പറഞ്ഞുള്ള കുറിപ്പാണ് യുവതി എക്സ് അക്കൗണ്ടിൽ വീഡിയോ സഹിതം പങ്കുവെച്ചത്.
ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്സൽ കൈമാറുന്നതും പണം വാങ്ങുന്നതും വീഡിയോയിൽ കാണാം. ചില്ലറ തുക തിരികെ നൽകുമ്പോൾ, അയാൾ സ്ത്രീയുടെ മാറിടത്തിൽ തൊടുന്നതായാണ് വീഡിയോയിൽ കാണുന്നത്.
‘ഇന്ന് ബ്ലിങ്കിറ്റിൽ ഓർഡർ നൽകിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടർന്ന് എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കർശന നടപടി സ്വീകരിക്കുക. ഇന്ത്യയിൽ സ്ത്രീ സുരക്ഷ തമാശയാണോ ?’’ വിഡിയോയ്ക്കൊപ്പം യുവതി എക്സിൽ എഴുതി.
തെളിവ് നൽകിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു.
തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു. വീഡിയോ തെളിവു നൽകിയ ശേഷമാണ് കമ്പനി ഏജന്റിന്റെ കരാർ അവസാനിപ്പിച്ചതെന്ന് യുവതി പറയുന്നു.