/sathyam/media/media_files/2026/02/22/untitled-2026-02-22-15-26-32.jpg)
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ വന്‍ വിദേശ സിഗരറ്റ് വേട്ടയുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന 200 കാര്‍ട്ടണ്‍ വിദേശ സിഗരറ്റുകളുമായി നാല് ഇറാന്‍ പൗരന്മാരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ശനിയാഴ്ച ദ്വാരക തീരത്തിന് സമീപമായിരുന്നു ഈ ഓപ്പറേഷന്‍ നടന്നത്.
'അല്‍ മുഖ്താര്‍' എന്ന് പേരുള്ള ബോട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ് ശേഖരം. ഇതില്‍ ഒരു ലക്ഷത്തോളം പാക്കറ്റ് വിദേശ സിഗരറ്റുകള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 2.5 കോടി മുതല്‍ 5 കോടി രൂപ വരെ വില വരുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ഫെബ്രുവരി 21-ന് ദ്വാരകയില്‍ നിന്ന് ഏകദേശം 115 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ സാഹചര്യത്തില്‍ വിദേശ ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തടയുകയായിരുന്നു.
ബോട്ടില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ 200 കാര്‍ട്ടണ്‍ സിഗരറ്റുകള്‍ കണ്ടെത്തിയത്.
പിടിയിലായ ഇറാന്‍ പൗരന്മാരെയും ബോട്ടിനെയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്തറിലേക്ക് മാറ്റി. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഇവരെ സംയുക്തമായി ചോദ്യം ചെയ്യും.
നേരത്തെ ഫെബ്രുവരി 16-ന് ഗുജറാത്ത് ഭീകരവിരുദ്ധ സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 200 കിലോ ലഹരിമരുന്നുമായി രണ്ട് ഇറാന്‍ പൗരന്മാരെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തീരപ്രദേശത്ത് വീണ്ടും വിദേശികള്‍ പിടിയിലാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us