വെടിയുണ്ട ഉതിർക്കാതെ തവാങ് പിടിച്ചെടുത്ത നാഗാ വീരൻ; മേജർ ബോബ് ഖാത്തിംഗിന്റെ സാഹസിക ചരിത്രം

പ്രാദേശിക വിശ്വാസങ്ങളിലോ മൊണാസ്ട്രികളിലോ (മഠങ്ങള്‍) ഇന്ത്യന്‍ ഭരണകൂടം ഇടപെടില്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

New Update
Untitled

ഡല്‍ഹി: ഹിമാലയന്‍ അതിര്‍ത്തിയിലെ ഏറ്റവും തന്ത്രപ്രധാനമായ ഇടമാണ് അരുണാചല്‍ പ്രദേശിലെ തവാങ്.

Advertisment

1914-ലെ മക്‌മോഹന്‍ രേഖ പ്രകാരം ഇത് ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് അവിടെ പൂര്‍ണ്ണമായ ഭരണനിയന്ത്രണം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1949-ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയും ടിബറ്റ് കീഴടക്കുകയും ചെയ്തതോടെ തവാങ്ങിന്റെ സുരക്ഷ ഇന്ത്യയ്ക്ക് വലിയ ആശങ്കയായി.

ആരായിരുന്നു ബോബ് ഖാത്തിംഗ്?


1912-ല്‍ മണിപ്പൂരിലെ തങ്കുല്‍ നാഗാ ഗോത്രത്തില്‍ ജനിച്ച ബോബ് ഖാത്തിംഗ് സൈനികന്‍, അധ്യാപകന്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ സൈന്യത്തിനെതിരെ ഗറില്ലാ യുദ്ധമുറകളിലൂടെ പോരാടി 'മിലിട്ടറി ക്രോസ്' ബഹുമതി നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.


1951 ജനുവരിയില്‍ അന്നത്തെ അസം ഗവര്‍ണര്‍ ജയറാംദാസ് ദൗലത്രം ബോബ് ഖാത്തിംഗിനെ ഷില്ലോങ്ങിലേക്ക് വിളിച്ചുവരുത്തി ഒരു നിര്‍ണ്ണായക ദൗത്യം ഏല്‍പ്പിച്ചു: 'തവാങ് കീഴടക്കുക, അവിടെ ഇന്ത്യന്‍ ഭരണം സ്ഥാപിക്കുക.'

1951 ജനുവരി 17-ന് ആരംഭിച്ച ഈ യാത്ര അതിസാഹസികമായിരുന്നു. 14,000 അടി ഉയരത്തിലുള്ള സെലാ പാസ് കടന്ന്, കൊടും തണുപ്പിലൂടെയും വന്യമായ കാടുകളിലൂടെയും 100 അസം റൈഫിള്‍സ് സൈനികരും 600 ചുമട്ടുതൊഴിലാളികളുമായി അദ്ദേഹം യാത്ര തിരിച്ചു.

ഒരു സൈനിക നീക്കമെന്നതിലുപരി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു ഖാത്തിംഗിന്റെ തന്ത്രം. ഗ്രാമത്തലവന്മാര്‍ക്ക് സിഗരറ്റും മധുരപലഹാരങ്ങളും നല്‍കി അദ്ദേഹം അവരെ പരിചയപ്പെട്ടു.

പ്രാദേശിക വിശ്വാസങ്ങളിലോ മൊണാസ്ട്രികളിലോ (മഠങ്ങള്‍) ഇന്ത്യന്‍ ഭരണകൂടം ഇടപെടില്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ലോകപ്രശസ്തമായ തവാങ് മൊണാസ്ട്രി സന്ദര്‍ശിച്ച അദ്ദേഹം സന്യാസിമാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.


1951 ഫെബ്രുവരി 14-ന് തവാങ്ങില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു. ബ്രിട്ടീഷുകാര്‍ക്ക് പതിറ്റാണ്ടുകളായി സാധിക്കാത്ത കാര്യം ബോബ് ഖാത്തിംഗ് എന്ന ഇന്ത്യക്കാരന്‍ വെടിയുണ്ട ഉതിര്‍ക്കാതെ സാധിച്ചെടുത്തു. ടിബറ്റന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അധികാരം അദ്ദേഹം സുരക്ഷിതമാക്കി.


1962-ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത് തവാങ്ങിലൂടെയായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ബുദ്ധമത കേന്ദ്രമാണിവിടം. ആറാമത്തെ ദലൈലാമ ജനിച്ചത് തവാങ്ങിലായിരുന്നു.

ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ തവാങ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍, മേജര്‍ ബോബ് ഖാത്തിംഗ് എന്ന ഇതിഹാസത്തെ രാജ്യം നന്ദിയോടെ സ്മരിക്കുന്നു.

Advertisment