പത്തനംതിട്ട: ഹിമാചല്‍ പ്രാദേശിലെ റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ 56 വര്‍ഷം മുന്‍പ് വിമാനപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹവും. പ്രത്യേക സംഘം നടത്തിയ തെരച്ചിലിലാണ് കാണാതായവരുടെ മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഓ എം തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് മരിച്ച മലയാളി സൈനികന്‍. എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്ന തോമസ് 1968ല്‍ മരിക്കുമ്പോള്‍ പ്രായം 21 വയസായിരുന്നു.
തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ വിവരം ലെഫ്റ്റനന്റ് അജയ് ചൗഹാന്‍ ആണ് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തോമസ് ചെറിയാന്റെ വിലാസവും പൊലീസിന് നല്‍കി. പൊലീസ് വിലാസം വച്ച് നടത്തിയ അന്വേഷണത്തില്‍ ഇലന്തൂരിലെ ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറുകയായിരുന്നു.
തോമസ് ചെറിയാന്‍ അപകടത്തില്‍ മരിക്കുമ്പോള്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമെല്ലാം അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. സൈന്യത്തിന്റെ രേഖകളില്‍ ഇപ്പോഴും കൊല്ലം ജില്ല വച്ചാണ് തോമസിന്റെ വിലാസം.
പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും കോളജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനത്തിന്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായി അപകടം നടക്കുന്നത്.
1968 ഫെബ്രുവരി ഏഴിനാണ് ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 12 വിമാനം കാണാതാകുന്നത്. 102 യാത്രക്കാരാണ് ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തോമസ് ചെറിയാനെ കൂടാതെ വേറെയും മലയാളികള്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ആര്‍മി സര്‍വീസ് കോറില്‍ ശിപായിയായിരുന്ന എസ് ഭാസ്‌കരന്‍ പിള്ള, മെഡിക്കല്‍ കോറിന്റെ ഭാഗമായിരുന്ന പി എസ് ജോസഫ്, ബി എം തോമസ്, ക്രാഫ്റ്റ്‌സ്മാനായിരുന്ന കെ പി പണിക്കര്‍, കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പില്‍ കെ കെ രാജപ്പന്‍ എന്നീ മലയാളികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു.