കാമുകിയുടെ വിവാഹനിശ്ചയം; വിവാഹക്ഷണക്കത്തും സാരിയും കണ്ടു തകർന്നു, ബെംഗളൂരുവിൽ ബോഡിബിൽഡർ ജീവനൊടുക്കി

വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ യുവതിക്ക് നല്‍കാനായി ഒരു സമ്മാനം കിരണ്‍ കരുതിവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് യുവതിയുടെ വഞ്ചന പുറത്തുവന്നത്.

New Update
Untitled

ബെംഗളൂരു: മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമറിഞ്ഞതിന് പിന്നാലെ 26-കാരനായ ബോഡിബില്‍ഡര്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ ശനിയാഴ്ചയാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറായ കിരണ്‍ ആണ് മരിച്ചത്.

Advertisment

കിരണും യുവതിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം യുവതി കിരണിനെ നേരില്‍ കാണുകയും തന്റെ വിവാഹം ഉറപ്പിച്ചതായി അറിയിക്കുകയും ചെയ്തു. ഇതിന് തെളിവായി തന്റെ വിവാഹക്ഷണക്കത്തും വിവാഹത്തിനായി വാങ്ങിയ പുതിയ സാരിയും യുവതി കിരണിനെ കാണിച്ചു. 


ഇതുകണ്ട് മാനസികമായി തകര്‍ന്ന കിരണ്‍ വീട്ടിലെത്തി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ യുവതിക്ക് നല്‍കാനായി ഒരു സമ്മാനം കിരണ്‍ കരുതിവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് യുവതിയുടെ വഞ്ചന പുറത്തുവന്നത്.


കിരണില്‍ നിന്ന് യുവതിയുടെ കുടുംബം സാമ്പത്തികമായും വൈകാരികമായും ചൂഷണം നടത്തിയെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. യുവതിയുടെ കുടുംബത്തിനുണ്ടായിരുന്ന 50 ലക്ഷം രൂപയുടെ കടം വീട്ടാന്‍ സഹായിക്കാമെന്ന് കിരണ്‍ ഏറ്റിരുന്നതായും ഇതിനായി വലിയൊരു തുക കിരണ്‍ ചിലവാക്കിയതായും കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.


സംഭവത്തില്‍ മഹാലക്ഷ്മി ലേഔട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിരണിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചും യുവതിയുടെ മൊഴി രേഖപ്പെടുത്തിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

Advertisment