ഭാര്യയെ കറുത്തവൾ എന്ന് വിളിക്കുന്നത് ആത്മഹത്യ പ്രേരണയല്ല': 30 വർഷത്തിന് ശേഷം ഭർത്താവിനെ കോടതി വെറുതെ വിട്ടു

'അവയെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഉടലെടുക്കുന്ന വഴക്കുകളാണെന്ന് പറയാം. അവ ഗാര്‍ഹിക കലഹങ്ങളാണ്.

New Update
Untitleddarr

ഡല്‍ഹി: ഭാര്യയുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങള്‍, മുഖച്ഛായയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, രണ്ടാം വിവാഹ ഭീഷണി എന്നിവ നിയമപ്രകാരം ക്രിമിനല്‍ പീഡനമായി കണക്കാക്കില്ലെന്ന് കോടതി വിധിച്ചു.

Advertisment

1998-ല്‍ സത്താറ ജില്ലയില്‍ നിന്നുള്ള 23 കാരന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്.എം. മോദക് ഈ വിധി പ്രസ്താവിച്ചത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498A (വിവാഹിതയായ സ്ത്രീയോടുള്ള ക്രൂരത), 306 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് സത്താറയിലെ സെഷന്‍സ് കോടതി ഇയാളെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.


1995 ജനുവരിയിലാണ് കേസ് ആരംഭിച്ചത്. ഇയാളുടെ ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മരണത്തിന് മുമ്പ്, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് അവര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ഭര്‍ത്താവ് സ്ത്രീയുടെ ഇരുണ്ട നിറത്തിന്റെ പേരില്‍ അവരെ പരിഹസിക്കുകയും അവരെ ഇഷ്ടമല്ലെന്ന് പറയുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


അതേസമയം, ഭര്‍തൃപിതാവ് യുവതിയുടെ പാചകത്തെ വിമര്‍ശിക്കുകയും ഭക്ഷണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ക്രിമിനല്‍ പെരുമാറ്റമല്ല, മറിച്ച് ഗാര്‍ഹിക കലഹമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.


'അവയെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഉടലെടുക്കുന്ന വഴക്കുകളാണെന്ന് പറയാം. അവ ഗാര്‍ഹിക കലഹങ്ങളാണ്. സ്ത്രീയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്ന തോതില്‍ ഇത് സംഭവിക്കുമെന്ന് പറയാനാവില്ല.

അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരമുള്ള ഒരു കുറ്റകൃത്യം കണ്ടെത്താനാവില്ല,' ബെഞ്ച് പറഞ്ഞു.

Advertisment