കുടുംബത്തില്‍ വിഷമങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോള്‍ നല്‍കണം: ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ഭാരതി ഡംഗ്രി, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

New Update
bombay high court two

മുംബൈ: കുടുംബത്തില്‍ വിഷമങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോള്‍ നല്‍കാമെന്ന് ബോംബെ ഹൈക്കോടതി. കൊലപാതകക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വിദേശത്ത് പഠിക്കാന്‍ പോവുന്ന മകനെ യാത്രയാക്കാന്‍ പരോള്‍ ആവശ്യപ്പെട്ടായിരുന്നു കൊലപാതക്കേസ് പ്രതിയുടെ ഹര്‍ജി.

Advertisment

ഓസ്‌ട്രേലിയയിലെ സര്‍വ്വകലാശാലയിലാണ് വിവേക് ശ്രീവാസ്തവയുടെ മകന് അഡ്മിഷന്‍ ലഭിച്ചത്. ജൂലൈ 22നാണ് മകന്‍ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാന്‍ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ജസ്റ്റിസ് ഭാരതി ഡംഗ്രി, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തടവ് പുള്ളിക്ക് മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും ഭാവിയേക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നതിനും ജീവിതത്തോടുള്ള താല്‍പര്യം നിലനിര്‍ത്തുന്നതിനുമാണ് ബന്ധുക്കളോടൊപ്പം സമയം ചെലവിടുന്നതിനായാണ് പരോള്‍ വ്യവസ്ഥകളെന്നും കോടതി വിശദമാക്കി.

മാനുഷികമായ സമീപനം പരോള്‍ നല്‍കുന്നതില്‍ പാലിക്കണമെന്നും കോടതി വിശദമാക്കി. അടുത്ത ബന്ധുവിന്റെ മരണത്തിന് 7 ദിവസം, വിവാഹത്തിന് 4 ദിവസം, ഗുരുതര അസുഖ ബാധ, പ്രസവം എന്നിവയ്ക്ക് 4 ദിവസവുമാണ് പരോള്‍ അനുവദിക്കുന്നതാണ് ചട്ടമെന്ന് വിശദമാക്കിയ ശേഷമായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. 9 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പരാതിക്കാരന്‍ പരോള്‍ ആവശ്യം ഉന്നയിച്ചത്.

വിഷമം ഒരു വികാരമാണ് അതുപോലെ തന്നെയാണ് സന്തോഷമെന്നും കോടതി നിരീക്ഷിച്ചു. മകന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനും മകനെ യാത്രയാക്കാനായും പരോള്‍ അനുവദിക്കുന്നതില്‍ എന്താണ് അപാകതയെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് പിന്നാലെ 10 ദിവസത്തെ പരോളാണ് ഹര്‍ജിക്കാരന് കോടതി അനുവദിച്ചത്.

mumbai
Advertisment