/sathyam/media/media_files/2025/12/17/narandra-modi-border-fencing-2025-12-17-13-42-36.jpg)
ന്യൂഡൽഹി: അനധികൃത കുടിയേറ്റം, കള്ളക്കടത്ത്, ഭീകരവാദം എന്നിവയോടുള്ള 'സീറോ ടോളറൻസ്' നയം മുമ്പൊരിക്കലുമില്ലാത്ത വിധം അതിർത്തികളിൽ നടപ്പിലാക്കി മോഡി സർക്കാർ. ഭാരതത്തിന്റെ അതിർത്തികൾ ശത്രുക്കൾക്ക് അപ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതികൾ അന്തിമഘട്ടത്തിലേക്കു എത്തിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞു.
പതിറ്റാണ്ടുകളായി വിവിധ ഭരണകൂടങ്ങൾ നേരിട്ട പ്രതിസന്ധികളെയും ഭൂമിശാസ്ത്രപരമായ തടസങ്ങളെയും മറികടന്നാണ് കേന്ദ്ര സർക്കാർ നേട്ടം യാഥാർഥ്യമാക്കിയത്.
പാകിസ്ഥാൻ അതിർത്തിയിൽ 93.25 ശതമാനവും ബംഗ്ലാദേശ് അതിർത്തിയിൽ ഏകദേശം 80 ശതമാനവും വേലി നിർമ്മാണം ഇതിനകം പൂർത്തിയാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
മുൻ സർക്കാരുകൾക്ക് സാധ്യമാകാത്ത നേട്ടം സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയായിരുന്നു കൃത്യമായ അതിർത്തി നിർണയവും വേലികളുടെ അഭാവവും.
മുൻപ് അധികാരത്തിലിരുന്ന സർക്കാരുകൾക്ക് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തർക്കങ്ങളും അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര പ്രശ്നങ്ങളും കാരണം ഈ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ, നരേന്ദ്ര മോഡി സർക്കാരിന്റെ കീഴിൽ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച ദീർഘവീക്ഷണമുള്ള നടപടികൾ അതിർത്തി സുരക്ഷയെ ഒരു മിഷൻ മോഡിലേക്ക് മാറ്റി. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾ പത്തുവർഷത്തിനുള്ളിൽ പൂർത്തിയാക്കി.
ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം അതിർത്തിയിലെ നിലവിലെ സ്ഥിതി ഇപ്രകാരമാണ്: ഇന്ത്യ-പാകിസ്ഥാൻ അതിർത്തി: ആകെ 2,289.66 കിലോമീറ്ററിൽ 2,135.136 കിലോമീറ്റർ (93.25%) ഭാഗത്തും ഭൗതികമായ വേലികെട്ടി സുരക്ഷിതമാക്കി.
മുൻ സർക്കാരുകളുടെ കാലത്ത് വർഷങ്ങളോളം മുടങ്ങിക്കിടന്ന ജമ്മു, രാജസ്ഥാൻ മേഖലകളിലെ നിർമ്മാണം അതിവേഗമാണ് പൂർത്തിയായത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി: 4,096.70 കിലോമീറ്ററിൽ 3,239.92 കിലോമീറ്റർ (79.08%) ദൂരത്തിൽ വേലി പൂർത്തിയായി. 2015-ലെ ചരിത്രപരമായ അതിർത്തി കരാറിലൂടെ (LBA) മുൻ സർക്കാരുകൾക്ക് പരിഹരിക്കാൻ കഴിയാതിരുന്ന തടസങ്ങൾ നീക്കിയതാണ് ഈ നേട്ടത്തിന് ആധാരമായത്.
ഇന്ത്യ-മ്യാൻമർ അതിർത്തി: നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി 1,643 കിലോമീറ്റർ അതിർത്തിയിൽ വേലി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു.
വെല്ലുവിളികളെ അതിജീവിച്ച സ്മാർട്ട് സംവിധാനങ്ങൾ മരുഭൂമികൾ, ചതുപ്പുകൾ, പർവതനിരകൾ എന്നിങ്ങനെ ഭൗതികമായി വേലികൾ അസാധ്യമായ ഇടങ്ങളിൽ Comprehensive Integrated Border Management System (CIBMS) എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഭാരത സർക്കാർ ഉപയോഗിക്കുന്നത്.
ലേസർ മതിലുകൾ, തെർമൽ സെൻസറുകൾ എന്നിവ വഴി 24 മണിക്കൂറും കണ്ണുചിമ്മാത്ത നിരീക്ഷണം അതിർത്തിയിൽ ഇന്ന് നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us