പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ട് ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ഒരു കമ്പനിയുടെ ബൗണ്‍സര്‍മാര്‍ കര്‍ഷകന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 55 കാരനായ കര്‍ഷകനായ ബിജേന്ദ്ര ആശുപത്രിയില്‍ മരിച്ചു.
കമ്പനിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സെക്ടര്‍ 13-17 പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രാകേഷ് കുമാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മറുവശത്ത്, കേസിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ലെന്ന് ട്രഡീഷണല്‍ പാര്‍ക്ക് ലിമിറ്റഡ് പ്രതിനിധി സുധാന്‍ഷു ശേഖര്‍ പറയുന്നു. കമ്പനിയുടെ മാനേജര്‍ പാനിപ്പത്തിലാണ് താമസിക്കുന്നത്, അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മുഴുവന്‍ കേസിനെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച ബിജേന്ദ്രയുടെ മകന്‍ രോഹിത് പരാതി നല്‍കി. പരാതി പ്രകാരം, ബിജേന്ദ്രയ്ക്ക് ഗ്രാമത്തില്‍ രണ്ട് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം, ട്രഡീഷണല്‍ പാര്‍ക്ക് ലിമിറ്റഡ് കമ്പനി വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ഗ്രാമത്തില്‍ ഭൂമി വാങ്ങിയിരുന്നു.
കമ്പനി തഹസില്‍ദാരുമായി ഒത്തുകളിച്ച് ബിജേന്ദ്രയുടെ രണ്ട് ഏക്കര്‍ ഭൂമി കമ്പനിയുടേതാണെന്ന് ഇവര്‍ വ്യാജമായി അവകാശപ്പെട്ടു എന്നാണ് ആരോപണം. കമ്പനിക്ക് ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും ഭരണകൂടം ആരംഭിച്ചിരുന്നു. ഒമ്പത് മാസമായി തുടരുന്ന തര്‍ക്കത്തിനെതിരെ ബിജേന്ദ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം കമ്പനി ജീവനക്കാര്‍ ബിജേന്ദ്രയുടെ പറമ്പില്‍ നിര്‍മ്മിച്ച മുറി പൊളിച്ചുമാറ്റി. ബിജേന്ദ്ര പോലീസില്‍ പരാതിപ്പെട്ടു. രാത്രിയില്‍ അദ്ദേഹം പാടത്തേക്ക് പോയി. മകന്റെ മൊബൈലില്‍ വിളിച്ച് കമ്പനി ജീവനക്കാര്‍ തന്നോട് വഴക്കിടുന്നുണ്ടെന്ന് പറഞ്ഞു. രാത്രി ഏകദേശം 9:15 ന് രോഹിത് പാടത്ത് എത്തിയപ്പോള്‍ ബിജേന്ദ്ര പൊള്ളലേറ്റ നിലയില്‍ കിടക്കുകയായിരുന്നു.
കമ്പനി ബൗണ്‍സര്‍മാരാണ് തന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന് ബിജേന്ദ്ര മകനോട് പറഞ്ഞു. രോഹിത് പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് റോഹ്തക് പിജിഐയിലേക്ക് റഫര്‍ ചെയ്തു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച രാവിലെ അദ്ദേഹം മരിച്ചു.