ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരന്‍ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് സംഭവം. അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 26ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെയാണ് സംഭവം പുറത്തറിയുന്നത്. ശരീരത്തിലെ മുറിവുകളെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞത്.
പ്രതികളായ അര്‍ഷും ജുനൈദും കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സമീപത്തെ കൃഷിയിടത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നു.
ഫാമിലുണ്ടായിരുന്ന ആടുകളെ മേയ്ക്കുന്ന റിസ്വാന്‍, അല്‍ഫെസ് എന്നിവര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാകുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ പങ്കുവെക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ വീട്ടിലെത്തിയ കുട്ടിയുടെ കുടുംബാംഗങ്ങളെയും പ്രതികള്‍ മര്‍ദ്ദിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കുട്ടിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ് സന്‍ഹിതയിലെ സെക്ഷന്‍ 140-4 (തട്ടിക്കൊണ്ടുപോകല്‍), 351-2 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 352 (മനഃപൂര്‍വമായ ആക്രമണം) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
പ്രതികളെ പിടികൂടാന്‍ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഹാപൂര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.