/sathyam/media/media_files/2026/01/30/untitled-2026-01-30-12-40-25.jpg)
ഡല്‍ഹി: ശ്രീബുദ്ധന്റെ സ്മരണകളുറങ്ങുന്ന 2500 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ രത്‌നങ്ങളും തിരുശേഷിപ്പുകളും ഇന്ത്യ തിരികെ കൊണ്ടുവന്നു.
ഹോങ്കോംഗിലെ വിഖ്യാത ലേല സ്ഥാപനമായ സോത്ത്ബീസില്‍ 100 ദശലക്ഷം ഡോളര്‍ (ഏകദേശം 850 കോടി രൂപ) അടിസ്ഥാന വിലയിട്ട് ലേലത്തിന് വെച്ച വിശുദ്ധ വസ്തുക്കളാണ് ഇന്ത്യയുടെ നയതന്ത്ര-നിയമ പോരാട്ടത്തിലൂടെ വീണ്ടെടുത്തത്.
ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിന് സമീപമുള്ള പിപ്രഹ്വയിലെ സ്തൂപത്തില്‍ നിന്ന് 1898-ല്‍ വില്യം ക്ലാക്സ്റ്റണ്‍ പെപ്പെ എന്ന ബ്രിട്ടീഷുകാരനാണ് ഈ തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഇത് ലേലത്തിന് വെച്ചതോടെയാണ് ഇന്ത്യ ഇടപെട്ടത്. 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിശുദ്ധ വസ്തുക്കള്‍ ഇന്ത്യയുടെ മണ്ണിലേക്ക് തിരിച്ചെത്തുന്നത്.
വെറുമൊരു പുരാവസ്തു എന്നതിലുപരി, കോടിക്കണക്കിന് ആളുകളുടെ വിശ്വാസവുമായും ഇന്ത്യയുടെ നാഗരികതയുമായും ബന്ധപ്പെട്ട 'ജീവനുള്ള' അവശിഷ്ടങ്ങളാണിതെന്ന് ഇന്ത്യ വാദിച്ചു. ചൈന ഈ വസ്തുക്കള്‍ സ്വന്തമാക്കുമെന്ന ആശങ്കയും ഈ നീക്കത്തിന് വേഗത കൂട്ടി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സര്‍ക്കാരും സ്വകാര്യ വ്യക്തികളും കൈകോര്‍ത്ത ഒരു വീണ്ടെടുക്കല്‍ ദൗത്യമാണിത്. മുംബൈയിലെ പ്രമുഖ വ്യവസായിയും ഗോദ്റേജ് ഗ്രൂപ്പ് ഉടമയുമായ പിരോജ്ഷ ഗോദ്റേജ് ലേലത്തുക നല്‍കി ഈ വസ്തുക്കള്‍ വാങ്ങി സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇത് ഇന്ത്യയില്‍ തന്നെ എന്നെന്നേക്കുമായി സൂക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ലേലം നടക്കാന്‍ വെറും 72 മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് നിയമപരമായ നോട്ടീസുകളും നയതന്ത്ര സമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് ലേലം തടഞ്ഞത്. കള്‍ച്ചര്‍ മന്ത്രാലയ സെക്രട്ടറി വിവേക് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു ഈ നീക്കം.
ബുദ്ധന്റെ പഠിപ്പിക്കലുകളുടെയും അറിവിന്റെയും നൈരന്തര്യമായാണ് ഈ വിശുദ്ധ വസ്തുക്കള്‍ കണക്കാക്കപ്പെടുന്നത്. 'ഇവ വെറും കല്ലുകളല്ല, മറിച്ച് ഇന്ത്യയുടെ നാഗരികതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ്' എന്ന് നാഷണല്‍ മ്യൂസിയം ഡെപ്യൂട്ടി ക്യുറേറ്റര്‍ അബിറ ഭട്ടാചാര്യ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us