/sathyam/media/media_files/2026/01/28/untitled-2026-01-28-14-35-56.jpg)
ഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സാമൂഹിക നീതി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, വികസിത ഭാരതം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളാണ് രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 കോടിയോളം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ദളിത്, പിന്നാക്ക, ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
2014-ല്‍ 25 കോടി ജനങ്ങള്‍ക്ക് മാത്രം ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇന്ന് 95 കോടി ഇന്ത്യക്കാരിലേക്ക് എത്തിയതായി രാഷ്ട്രപതി അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന 'വികസിത് ഭാരത്-ജി റാം ജി' നിയമത്തെക്കുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. ഗ്രാമങ്ങളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്നതാണ് ഈ പുതിയ പരിഷ്‌കാരം. എന്നാല്‍ പ്രതിപക്ഷം ഈ നീക്കത്തെ സഭയില്‍ ശക്തമായി എതിര്‍ത്തു.
ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപ കടന്നു. പ്രതിരോധ കയറ്റുമതി 23,000 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. 'മേക്ക് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മൈക്രോചിപ്പ് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സമീപഭാവിയില്‍ തന്നെ 10 ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നാനോ ചിപ്പ് നിര്‍മ്മാണത്തിലേക്ക് രാജ്യം കടക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം, സര്‍ദാര്‍ പട്ടേല്‍, ബിര്‍സ മുണ്ട എന്നിവരുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ എന്നിവയെക്കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. പൂര്‍വ്വികരുടെ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ പ്രചോദനമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 1-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന 2026-27 കേന്ദ്ര ബജറ്റിന്റെ ദിശാസൂചകമായി രാഷ്ട്രപതിയുടെ പ്രസംഗം മാറി. ഏപ്രില്‍ 2 വരെ നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ആകെ 30 സിറ്റിംഗുകളാണ് ഉണ്ടാവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us