മുംബൈ: മുംബൈയില്‍ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മുങ്ങിയയാള്‍ 17 വര്‍ഷത്തിന് ശേഷം ബംഗാളില്‍ അറസ്റ്റില്‍. ഒഡീഷയില്‍ നിന്നുള്ള 47 കാരനെയാണ് പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
2007-ല്‍ റജിബ് കാലു ഹാജി ഷെയ്ഖ് എന്നയാള്‍ തന്റെ ബിസിനസ് പങ്കാളിയായ ഒഡീഷ സ്വദേശിയായ നീലാഞ്ചല്‍ പാനിഗ്രാഹിയെ സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു.
മുംബൈയിലെ ഗണേഷ് മൂര്‍ത്തി നഗറിലെ ഇരയുടെ വസതിയിലാണ് സംഭവം. പ്രതിയെ പിടികൂടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് നിവാസിയായ പ്രതി ഇരയുടെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു. മദ്യത്തിന് അടിമയുമായിരുന്നു.
2007 ഒക്ടോബറില്‍ സംഭവം നടക്കുമ്പോള്‍ പ്രതി ഇരയായ പാനിഗ്രഹിയുടെ വസതിയില്‍ മദ്യം കഴിക്കുകയായിരുന്നു. സാമ്പത്തിക കാര്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു.
ഭാര്യ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ഷെയ്ഖിനെതിരെ കേസെടുത്തു.
2007, 2008, 2020 വര്‍ഷങ്ങളില്‍ പ്രതിയെ പിടികൂടാന്‍ ഒന്നിലധികം തവണ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ ദിശയിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.