/sathyam/media/media_files/2025/09/03/caa-2025-09-03-16-21-30.jpg)
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ രാജ്യത്ത് താമസിക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്തിടെ പാസാക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025ന്റെ ചുവടുപിടിച്ചാണ് ഈ ഉത്തരവ്. പുതിയ ഉത്തരവുപ്രകാരം പത്തുവര്‍ഷത്തെ ഇളവാണ് മുസ്ലീം ഇതരവിഭാഗങ്ങള്‍ക്ക് അനുവദിച്ചത്.
മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരാണ് ഇവര്‍. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ പൗരനാകണമെങ്കില്‍ 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ ആകണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ വലിയൊരു ഹൈന്ദവ വിഭാഗത്തിന് ആശ്വാസമാകുന്നതാണ് പുതിയ ഉത്തരവ്
'മതപരമായ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ 2024ലോ അതിനുമുമ്പോ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെങ്കില്‍, സാധുവായ പാസ്പോര്‍ട്ടും വിസയും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഇളവ് അനുവദിക്കും'- ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.