/sathyam/media/media_files/2026/02/05/untitled-2026-02-05-12-56-28.jpg)
ശ്രീഗംഗാനഗര്‍: രാജസ്ഥാനില്‍ നവവരന്‍ റോഡപകടത്തില്‍ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു.
ജനുവരി 30-ന് രാത്രി നടന്ന അപകടത്തില്‍ ആശിഷ് എന്ന യുവാവ് മരിച്ചത് ഭാര്യ അഞ്ജുവും കാമുകന്‍ സഞ്ജുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മേഘാലയയില്‍ നടന്ന വിവാദമായ 'ഹണിമൂണ്‍ കൊലപാതക'ത്തിന് സമാനമായ രീതിയിലാണ് ഈ കൃത്യവും നടന്നത്.
ആദ്യഘട്ടത്തില്‍ പോലീസ് കരുതിയത് ഇതൊരു ഹിറ്റ് ആന്‍ഡ് റണ്‍ കേസാണെന്നാണ്. സായാഹ്ന നടത്തത്തിനിടെ അജ്ഞാത വാഹനം ഇടിച്ചുവെന്നും തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് അഞ്ജു പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി
ആശിഷിന്റെ ശരീരത്തില്‍ വാഹനം ഇടിച്ച പാടുകള്‍ക്ക് പുറമെ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട അഞ്ജുവിന് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. അഞ്ജു ഓരോ തവണയും മൊഴികള്‍ മാറ്റിപ്പറഞ്ഞത് പോലീസില്‍ സംശയമുണ്ടാക്കി.
അഞ്ജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍വാസിയായ സഞ്ജുവുമായി ഇവര്‍ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. മൂന്ന് മാസം മുമ്പായിരുന്നു ആശിഷിന്റെയും അഞ്ജുവിന്റെയും വിവാഹം. എന്നാല്‍ വിവാഹത്തില്‍ അതൃപ്തയായിരുന്ന അഞ്ജു സ്വന്തം നാട്ടിലെത്തിയപ്പോള്‍ മുന്‍ കാമുകനായ സഞ്ജുവുമായി വീണ്ടും അടുപ്പത്തിലായി. ഇരുവരും ചേര്‍ന്നാണ് ആശിഷിനെ ഇല്ലാതാക്കാന്‍ പ്ലാന്‍ ചെയ്തത്.
ജനുവരി 30-ന് രാത്രി ഭക്ഷണത്തിന് ശേഷം നിര്‍ബന്ധപൂര്‍വ്വം ആശിഷിനെ അഞ്ജു നടത്തത്തിന് കൊണ്ടുപോയി. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കാമുകന്‍ സഞ്ജുവും രണ്ട് കൂട്ടാളികളും (റോക്കി, ബാദല്‍) ചേര്‍ന്ന് ആശിഷിനെ ആക്രമിച്ചു.
മരണം ഉറപ്പാക്കാന്‍ ഇവര്‍ യുവാവിനെ ശ്വാസം മുട്ടിക്കുകയും ചെയ്തു. കൊള്ള നടന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം ആഭരണങ്ങളും ഫോണും അഞ്ജു പ്രതികള്‍ക്ക് കൈമാറി. തുടര്‍ന്ന് റോഡില്‍ ബോധരഹിതയായി അഭിനയിച്ചു.
ഫൊറന്‍സിക് പരിശോധനയിലും ശാസ്ത്രീയ അന്വേഷണത്തിലും സത്യം പുറത്തുവന്നതോടെ അഞ്ജു, സഞ്ജു എന്നിവരുള്‍പ്പെടെ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us