ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കുമെതിരായ ആക്രമണങ്ങൾ ആസൂത്രിതം; മതസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമുള്ള ഗുരുതര ഭീഷണിയെന്ന് സിബിസിഐ. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും സിബിസിഐ

New Update
cbci

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കുമെതിരായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).

Advertisment

ആസൂത്രിതമായ രീതിയിലാണ് ഇത്തരം അക്രമങ്ങൾ നടക്കുന്നതെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനും നേരെയുള്ള ഗുരുതരമായ ലംഘനമാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.

സമാധാനപരമായി കരോൾ ഗാനങ്ങൾ ആലപിക്കുന്നവർക്കും പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികൾക്കുമെതിരെയാണ് ആക്രമണങ്ങൾ നടക്കുന്നത്. മതപരമായ ആഘോഷങ്ങൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതായി ഇത് വ്യക്തമാക്കുന്നതായും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്‍റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അത്യന്തം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ചെയ്ത അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ സംഘർഷമുണ്ടാക്കാനും അക്രമം അഴിച്ചുവിടാനും കാരണമാകുമെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.

Advertisment