/sathyam/media/media_files/2024/12/24/pm-modi-cbci.webp)
ന്യൂഡൽഹി : മണിപ്പൂർ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച സി.ബി.സി.ഐയുടെ നടപടിയിൽ ചില സഭാ അദ്ധ്യക്ഷൻമാർക്ക് അതൃപ്തി.
വിവിധ സഭകളിൽപ്പെട്ട അൽമായ കൂട്ടായ്മയ്ക്കും കത്തോലിക്ക മെത്രാൻ സമിതിയുടെ നടപടിയിൽ പ്രതിഷേധമുണ്ട്.
സി.ബി.സി.ഐയുടേത് അതിരുകടന്ന നടപടിയാണെന്നും മണിപ്പൂരിൽ ക്രൈസ്തവ സഭയ്ക്കും പള്ളികൾക്കുമെതിരെ അക്രമം നടന്നിട്ടും ഒട്ടേറെ ക്രൈസ്തവർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടും അവിടെയെത്താൻ സമയമില്ലാത്ത പ്രധാനമന്ത്രിയെ ക്ഷണിച്ച് വരുത്തി വിരുന്നൂട്ടിയത് ശരിയായില്ലെന്നുമാണ് വിമർശനം.
സി.ബി.സി.ഐ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് നിലവിലെ അദ്ധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ ക്രിസ്തുമസ് വിരുന്നിലേക്ക് ക്ഷണിച്ചത്.
ഇതിന് പിന്നിൽ കൃത്യമായ സ്വാധീനം ചെലുത്തിയത് നിലവിലെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും പാലാ രൂപതാംഗവുമായ മാത്യു കോയിക്കലാണ്.
മുമ്പ് മാർ ബസേലിയോസ് ക്ലീമീസ് ബാവ സി.ബി.സി.ഐ അദ്ധ്യക്ഷനായിരുന്നപ്പോൾ മോദിയെ ക്ഷണിച്ചിരുന്നു.
ക്ഷണം സ്വീകരിച്ചു വരാമെന്നേറ്റെങ്കിലും അന്ന് അദ്ദേഹം വിരുന്നിനെത്തിയില്ല. പിന്നീട് ഇപ്പോഴാണ് സി.ബി.സി.ഐയുടെ ഭാഗത്ത് നിന്നും വീണ്ടും ക്ഷണമുണ്ടായത്.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം ന്യൂനപക്ഷ കമ്മീഷനിൽ കേരളത്തിൽ നിന്നുമുള്ള ക്രൈസ്തവ വിഭാഗത്തിനുള്ള പ്രാതിനിധ്യം ഇല്ലാതായി.
ഇതിന് പുറമേ പല സംസ്ഥാനങ്ങളിലായി ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നിയമസഭകളിലും പാർലമെന്റിലും ഇല്ലാതാക്കി.
ഇതിൽ ഭൂരിഭാഗവും കത്തോലിക്ക വിഭാഗത്തിൽ നിന്നുമായിരുന്നു. ഇങ്ങനെ 18 എം.എൽ.എമാരും രണ്ട് രാജ്യസഭാ അംഗങ്ങളുമാണ് ഇല്ലാതായത്.
നിർബന്ധിത മതപരിവർത്തനത്തിനോ ദുരുദ്ദേശത്തോടെയുള്ള പ്രതിഷേധങ്ങൾക്ക് പ്രേരണ നൽകുകയോ ചെയ്യുന്ന സന്നദ്ധ സംഘടനകളുടെ എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നിലവിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാൻ ഇക്കഴിഞ്ഞ നവംബറിൽ 9 വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ഉത്തരവിറിക്കിയിരുന്നു. ഇതും സഭകളെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ മെയ് മാസത്തിൽ ഡിയോസിസൻ സൊസൈറ്റി ചർച്ച് ഓഫ് നോർത്ത്, ജീസസ് ആന്റ് മേരി ഡൽഹി എജ്യുക്കേഷണൽ സൊസൈറ്റി, ഡൽഹി ഡിയോസീസ് ഓവർസീസ് ഗ്രാന്റ് ഫണ്ട്,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, സാമുവൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ഇന്ത്യ ട്രസ്റ്റ്, ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ ആറ് എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയിരുന്നു.
ഏപ്രിലിൽ ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ സിനോഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസ്, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ, ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി ആന്റ് വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ അഞ്ച് സംഘടനകളുടെ ലൈസൻസും റദ്ദ് ചെയ്തിരുന്നു.
ഈ സംഘടനകൾക്ക് ഇനി വിദേശ സംഭാവനകൾ സ്വീകരിക്കാനോ നിലവിലുള്ള ഫണ്ട് ഉപയോഗിക്കാനോ കഴിയില്ല.
ഇതിന് പുറമേ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിർബന്ധിത മതപരിവർത്തന നിരോധന നിയമമുണ്ടാക്കി സഭകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തി പീഡിപ്പിക്കുന്നുവെന്നും വിവിധ സഭാ നേതൃത്വങ്ങളിൽ നിന്നും ആരോപണമുയരുന്നു.
മണിപ്പൂരടക്കമുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സി.ബി.സി.ഐ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടും അദ്ദേഹം ഇതുവരെ ഗൗനിക്കാൻ തയ്യാറായിട്ടില്ല.
ഭാരതസന്ദർശനം നടത്താൻ കത്തോലിക്ക സഭയുടെ അധിപനായ മാർപാപ്പയെ ഇന്ത്യ ഔദ്യാഗികമായി ക്ഷണിക്കാതെ അദ്ദേഹത്തിന് ഇവിടെ സന്ദർശനം നടത്താനാവില്ല.
അതിന്റെ നടപടിക്രമങ്ങൾ പോലും എങ്ങുമെത്തിക്കാൻ കേന്ദ്ര സർക്കാർ ഗൗരവം കാട്ടാത്തത് ആർ.എസ്.എസിന്റെ എതിർപ്പ് നിലനിൽക്കുന്നതിനാലാണെന്നും ആരോപണമുണ്ട്.
പോപ്പിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് സമയം തീരുമാനിക്കുന്നതിലെ ആശയവിനിമയത്തിനാണ് വീഴ്ച്ച വന്നിട്ടുള്ളത്.
ഇത്തരത്തിൽ നിരവധി വിഷയങ്ങൾ നിലനിൽക്കുമ്പോൾ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി ക്രിസ്തുമസ് വിരുന്നിൽ പങ്കെടുപ്പിക്കുന്നത് ന്യായയുക്തമാണോയെന്ന ചോദ്യമാണ് ഉയരുന്നത്.