സി.ബി.എസ്.ഇയുടെ പുതിയ നയം: പത്താം ക്ലാസ് വരെ മൂന്ന് ഭാഷകൾ നിർബന്ധം; രണ്ട് ഇന്ത്യൻ ഭാഷകൾ പഠിച്ചിരിക്കണം

ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളും സ്‌കൂളുകള്‍ക്ക് നല്‍കാം. എന്നാല്‍ ഇവയ്‌ക്കൊപ്പം രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

New Update
Untitled

ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം, നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷാ പഠനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സി.ബി.എസ്.ഇ. 2026-27 അധ്യായന വര്‍ഷം മുതല്‍ ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷാ പഠനം കര്‍ശനമാക്കും. ഇത് പ്രകാരം 2031-ഓടെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ മൂന്ന് ഭാഷകളിലും മൂല്യനിര്‍ണ്ണയം നടത്തും.

Advertisment

വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. പുതിയ ചട്ടക്കൂട് അനുസരിച്ച് ഇംഗ്ലീഷിനെ ഒരു വിദേശ ഭാഷയായിട്ടായിരിക്കും പരിഗണിക്കുക.


ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളും സ്‌കൂളുകള്‍ക്ക് നല്‍കാം. എന്നാല്‍ ഇവയ്‌ക്കൊപ്പം രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

നിലവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ രണ്ട് ഭാഷകളിലാണ് പരീക്ഷ എഴുതുന്നത്. എന്നാല്‍ 2031-ഓടെ ഇത് മൂന്ന് ഭാഷകളിലായി മാറും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ക്കായി സി.ബി.എസ്.ഇ പുതിയ പാഠപുസ്തകങ്ങളും പഠന സാമഗ്രികളും തയ്യാറാക്കും.

ഈ നീക്കത്തെ സാംസ്‌കാരികമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രായോഗികമായ ചില ബുദ്ധിമുട്ടുകള്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.  മൂന്ന് ഭാഷകള്‍ പഠിക്കുന്നത് കുട്ടികളുടെ പഠനഭാരം വര്‍ദ്ധിപ്പിക്കുമെന്നും കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കായി ലഭിക്കുന്ന സമയം കുറയ്ക്കുമെന്നും ഘാസിയാബാദ് സെന്റ് തോമസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കുര്യാക്കോസ് വി.കെ പറഞ്ഞു.


ഒരു ദിവസം എട്ട് പിരീഡുകള്‍ മാത്രമുള്ളപ്പോള്‍ ഭാഷാ പഠനത്തിനായി കൂടുതല്‍ സമയം നീക്കിവെക്കുന്നത് സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് എന്നിവയെ ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


സംസ്‌കൃതം പോലുള്ള ഭാഷകള്‍ പഠിക്കുന്നത് കൊണ്ട് പ്രായോഗിക ഗുണമില്ലെന്ന് പല മാതാപിതാക്കളും വിശ്വസിക്കുന്നത് സ്‌കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അതേസമയം, ഇതൊരു വലിയ ഭാരമല്ലെന്ന് ജെ.എം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഭാവന കുല്‍ശ്രേഷ്ഠ അഭിപ്രായപ്പെട്ടു. നിലവില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ കുട്ടികള്‍ മൂന്ന് ഭാഷകള്‍ പഠിക്കുന്നുണ്ട്, അത് ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് കൂടി നീട്ടുക മാത്രമാണ് ചെയ്യുന്നത്. വിദേശ ഭാഷകളോടുള്ള അമിത താല്പര്യം കുറയ്ക്കാനും പ്രാദേശിക ഭാഷകളിലൂടെ ദേശീയ ഐക്യം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment