യുക്രെയ്‌നിൽ ഉടൻ വെടിനിർത്തൽ വേണം; ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

സാധാരണക്കാര്‍ക്കും ഊര്‍ജ്ജ നിലയങ്ങള്‍ക്കും നേരെ റഷ്യ നടത്തുന്ന ശക്തമായ ആക്രമണങ്ങളിലും മാനുഷിക സാഹചര്യങ്ങള്‍ വഷളാകുന്നതിലും പ്രമേയം കടുത്ത ആശങ്ക രേഖപ്പെടുത്തി.

New Update
Untitled

ഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Advertisment

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ട് യുക്രെയ്ന്‍ കൊണ്ടുവന്ന 'യുക്രെയ്നില്‍ സുസ്ഥിരമായ സമാധാനത്തിനുള്ള പിന്തുണ' എന്ന പ്രമേയത്തിലാണ് ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചത്.


193 അംഗങ്ങളുള്ള യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രസീല്‍, യുഎഇ, അമേരിക്ക തുടങ്ങി 51 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.


യുക്രെയ്നിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് പ്രമേയം ആവര്‍ത്തിച്ചു. യുദ്ധതടവുകാരെ പൂര്‍ണ്ണമായി കൈമാറണമെന്നും നിയമവിരുദ്ധമായി തടങ്കലിലാക്കിയവരെയും നാടുകടത്തപ്പെട്ട കുട്ടികളെയും തിരികെ എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്കും ഊര്‍ജ്ജ നിലയങ്ങള്‍ക്കും നേരെ റഷ്യ നടത്തുന്ന ശക്തമായ ആക്രമണങ്ങളിലും മാനുഷിക സാഹചര്യങ്ങള്‍ വഷളാകുന്നതിലും പ്രമേയം കടുത്ത ആശങ്ക രേഖപ്പെടുത്തി.

'ജീവന്‍ സംരക്ഷിക്കാന്‍ യുക്രെയ്നിനൊപ്പം നിന്ന 107 രാജ്യങ്ങളോടും നന്ദി പറയുന്നു. വെടിനിര്‍ത്തലിനും ജനങ്ങളുടെ തിരിച്ചുവരവിനും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണിത്.'- യുക്രെയ്ന്‍ പ്രസിഡന്റേ വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.


'ഈ വിനാശകരമായ യുദ്ധം നമ്മുടെ കൂട്ടായ മനസാക്ഷിക്കേറ്റ കളങ്കമാണ്. 2025-ലാണ് യുക്രെയ്നില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ഉപാധികളില്ലാത്ത വെടിനിര്‍ത്തലാണ് സമാധാനത്തിലേക്കുള്ള ആദ്യപടിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.


യുദ്ധം തുടങ്ങിയ കാലം മുതല്‍ക്കേ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന തത്വവും മുന്‍നിര്‍ത്തിയാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

Advertisment