/sathyam/media/media_files/2026/02/26/census-2026-02-26-09-51-44.jpg)
ഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന 2027-ലെ സെന്‍സസ് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാകുന്നു. ഫീല്‍ഡ് തലത്തിലുള്ള വിവരശേഖരണം തത്സമയം നിരീക്ഷിക്കുന്നതിനായി 'സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം' എന്ന സെന്‍ട്രല്‍ പോര്‍ട്ടല്‍ സജ്ജമായി. പേപ്പര്‍ രഹിതമായി നടക്കുന്ന ഈ ബൃഹത്തായ ദൗത്യത്തിനായി 32 ലക്ഷം ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പേപ്പര്‍ ഫോമുകള്‍ക്ക് പകരം സ്മാര്‍ട്ട് ഫോണുകളും ഹാന്‍ഡ്ഹെല്‍ഡ് ഉപകരണങ്ങളുമാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുക. വിവരങ്ങളുടെ ഗുണനിലവാരവും കൃത്യതയും വേഗതയും ഉറപ്പാക്കാന്‍ ഈ മാറ്റം സഹായിക്കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു.
വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാനങ്ങള്‍ ജിയോ ടാഗിംഗ് വഴി ഭൂപടത്തില്‍ അടയാളപ്പെടുത്തും. ഇത് വിവരങ്ങളില്‍ ഇരട്ടിപ്പ് ഒഴിവാക്കാനും കൃത്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
സി.എം.എം.എസ് പോര്‍ട്ടല്‍ വഴി വിവരശേഖരണം തത്സമയം നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ നിയമനം, പരിശീലനം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവയെല്ലാം ഈ പോര്‍ട്ടല്‍ വഴിയായിരിക്കും.
പൗരന്മാര്‍ക്ക് സ്വന്തം വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്‍യുമറേഷന്‍' സൗകര്യവും ഇത്തവണ ലഭ്യമാകും.
സെന്‍സസ് നടപടികള്‍ക്കായി കേന്ദ്ര മന്ത്രിസഭ 11,718 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതി തിരിച്ചുള്ള കണക്കെടുപ്പും ഇത്തവണത്തെ സെന്‍സസിന്റെ ഭാഗമാകുമെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് ഇപ്പോള്‍ 2027-ലേക്ക് മാറ്റിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us