സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ജനുവരി 14ലെ മകരസംക്രാന്തിക്ക് ശേഷം പ്രധാനമന്ത്രി പുതിയ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകൾ.

വിദേശ നേതാക്കളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള നൂതനമായ മുറികള്‍ക്ക് പുറമേ കാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറികളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

New Update
central-vista

  ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍. 

Advertisment

ഈ മാസം 14-നു ശേഷം പ്രധാനമന്ത്രി പുതിയ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകൾ.

മറ്റ് മന്ത്രാലയങ്ങള്‍ ഇതിനോടകം കര്‍ത്തവ്യ ഭവനിലേക്ക് മാറിക്കഴിഞ്ഞു.

 സേവ തീര്‍ഥ് (സേവനത്തിന്‍റെ പുണ്യസ്ഥലം എന്നര്‍ത്ഥം) എന്നാണ് ഔദ്യോഗിക പേര്.

കെട്ടിടത്തിന്‍റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നിര്‍മ്മാണ സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.

ന്യൂഡല്‍ഹിയുടെ ഹൃദയ ഭാഗത്ത് ദാരാ ഷിക്കോ റോഡിനടുത്താണ് പുതിയ കെട്ടിടം.

പ്രധാന മന്ത്രിയുടെ ഓഫീസ് (സേവാ തീര്‍ഥ് 1), കാബിനറ്റ് സെക്രട്ടറിയേറ്റ് (സേവാതീര്‍ഥ് 2), ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഓഫീസും (സേവാ തീര്‍ഥ് 3) ചേരുന്നതാണ് പുതിയ കെട്ടിടം. 

പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ രീതി പി.എം.ഒ.യില്‍ ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ എന്ന പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

വിദേശ നേതാക്കളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള നൂതനമായ മുറികള്‍ക്ക് പുറമേ കാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറികളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. 

സ്വാതന്ത്ര്യത്തിനു ശേഷം 78 വര്‍ഷത്തിലധികമായി സൗത്ത് ബ്ലോക്കിലായിരുന്നു പി.എം.ഒ. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കെട്ടിടമാണ്.

ലൂട്യന്‍സ് ഡല്‍ഹി എന്നറിയപ്പെടുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്തെ ഹെറിറ്റേജ് കെട്ടിടങ്ങളാണ് നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഈ രണ്ട് കെട്ടിടങ്ങള്‍ക്ക് നടുവിലായാണ് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമേ പ്രതിരോധകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സൗത്ത് ബ്ലോക്കിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി ഈ ഓഫീസുകള്‍ ഇവിടെ നിന്നും മാറും. 

പഴയ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങള്‍ 5,000 വര്‍ഷത്തെ ഇന്ത്യന്‍ നാഗരികത പ്രദര്‍ശിപ്പിക്കുന്ന വന്‍ മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതി. 

ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിമത്ത മനോഭാവവും കൊളോണിയല്‍ മാനസികാവസ്ഥയും വെടിയണമെന്ന് 75-ാമത് സ്വാതന്ത്യ ദിനഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Advertisment