ഡീപ്ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

 ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു.

New Update
deep fake warn.jpg

 ഡീപ്‌ഫേക്ക് വീഡിയോകളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വീണ്ടും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡീപ്‌ഫേക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കി. ഐടി നിയമങ്ങള്‍ക്ക് കീഴില്‍ വ്യക്തമാക്കിയിരിക്കുന്ന നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധിതമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Advertisment

ഐടി നിയമങ്ങളിലെ റൂള്‍ 3(1)(ബി) പ്രകാരം ശരീര സ്വകാര്യതയും അശ്ലീല ഉള്ളടക്കവും ഉള്‍പ്പെടെ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്ന ഉള്ളടക്കം പങ്കിടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍ സമയത്ത് തന്നെ അത്തരം നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കണം. ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്യുമ്പോഴോ അതില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുമ്പോഴെല്ലാം അവര്‍ക്ക് പതിവായി സന്ദേശങ്ങള്‍ അയയ്ക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

കൂടാതെ, ഐടി നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമങ്ങളുമായി ഒരു മാസത്തിനിടെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഡീപ്ഫേക്കുകളുടെ പ്രധാന പ്രശ്നം പരിഹരിക്കുന്നതിനായി അദ്ദേഹം വ്യവസായ പ്രമുഖരുമായി ചര്‍ച്ചകള്‍ നടത്തുകയും എല്ലാ പ്ലാറ്റ്ഫോമുകളും നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ അടിയന്തിരത എടുത്തുപറയുകയും ചെയ്തു.

 ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

 

deep fake
Advertisment