ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ ചൈതര്‍ വാസവയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. നര്‍മ്മദ ജില്ലയിലെ ദേഡിയപദ താലൂക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ഏകോപന സമിതി യോഗത്തിനിടെ, ചൈതര്‍ വാസവയും പഞ്ചായത്ത് മേധാവി സഞ്ജയ് വാസവയും തമ്മില്‍ ഉണ്ടായ തര്‍ക്കം ഏറ്റുമുട്ടലിലേക്ക് മാറിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
സ്ഥിതി രൂക്ഷമായതോടെ, പോലീസ് വന്‍ സേനയെ സ്ഥലത്തേക്ക് നിയോഗിച്ചു. വാസവയെ പോലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു, പോലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി.
ചൈതര്‍ വാസവയ്ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകശ്രമം, മാനഭംഗം, ഭീഷണി, അപമാനം, സമാധാനലംഘന ശ്രമം, നാശം വരുത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ, വാസവയുടെ നേതൃത്വത്തില്‍ നടന്ന വിവിധ പ്രതിഷേധങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും എതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ട്.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി. 'വിസാവദര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
ചൈതര്‍ ബിജെപിയുടെ അഴിമതി തുറന്നുകാട്ടിയതിനാലാണ് അറസ്റ്റ്,' എന്നാണ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയുടെ അധികാര ദുരുപയോഗത്തിലും, ഗുണ്ടായിസത്തിലും മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎപി നേതാവ് ഗോപാല്‍ റായും ഈ അറസ്റ്റ് ലജ്ജാകരമാണെന്ന് ട്വിറ്ററില്‍ പ്രതികരിച്ചു. 'ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ അസ്വസ്ഥരാണ്,' എന്ന് അദ്ദേഹം പറഞ്ഞു. ചൈതര്‍ വാസവയുടെ അറസ്റ്റ് ഗുജറാത്ത് രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്.