ഡൽഹി: ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. വൻ സന്നഹങ്ങളുമായാണ് കർഷകരുടെ രാജ്യ തലസ്ഥാനത്തേക്കുള്ള വരവ്. കർഷകരുടെ രണ്ടാംഘട്ട പ്രതിഷേധത്തെ സംബന്ധിച്ച് രഹസ്യ അന്വേഷണ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഡൽഹി അതിർത്തികളിലെ വിദൂരവും തന്ത്ര പ്രധാനമല്ലാത്തതുമായ ഇടങ്ങളിലൂടെയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുവാൻ പദ്ധതി ഇട്ടിരിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മിനിമം താങ്ങുവില (എംഎസ്︋പി) ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ആവശ്യവുമായാണ് 200-ലധികം കർഷക യൂണിയനുകൾ 'ഡൽഹി ചലോ' മാർച്ചിനായി ദേശീയ തലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്.
പഞ്ചാബിൽ നിന്ന് മാത്രം 1,500 ട്രാക്ടറുകളും 500 വാഹനങ്ങളും കർഷകരുടെ പ്രതിഷേധത്തിനായി അണിനിരന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാഹനങ്ങളിൽ ആറ് മാസത്തെ ഭക്ഷണവും മറ്റു ഉപകരണങ്ങളുമായാണ് കർഷകരുടെ വരവ്.
കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിൽ നടന്ന നിർണായക യോഗം തിങ്കളാഴ്ച രാത്രി വൈകിയും തീരുമാനമാകാതെ അവസാനിച്ചതോടെയാണ് കർഷകർ ഇന്ന് ഡൽഹി ചലോ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
ശംഭു ബോർഡർ (അംബാല), ഖനോരി (ജിന്ദ്), ദബ്വാലി (സിർസ) എന്നിവിടങ്ങൾ വഴിയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുവാൻ പദ്ധതി ഇട്ടിരിക്കുന്നത്.