മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്റെ ചെറുമകൻ മണാലിയിൽ മരിച്ച നിലയിൽ; മരണം ദുരൂഹസാഹചര്യത്തിൽ

ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ വീറിന് കഠിനമായ തലവേദന അനുഭവപ്പെട്ടിരുന്നു. ഓണ്‍ലൈനായി വരുത്തിയ മരുന്ന് കഴിച്ച ശേഷം അദ്ദേഹം വീണ്ടും ഉറങ്ങാന്‍ പോയി.

New Update
Untitled

കുളു: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്റെ ചെറുമകന്‍ വീര്‍ സോറനെ ഹിമാചല്‍ പ്രദേശിലെ മണാലിയിലുള്ള ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദര്‍ശനത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയിലെത്തിയതായിരുന്നു അദ്ദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Advertisment

മണാലിയിലെ സിംസയിലുള്ള ഒരു ഹോംസ്റ്റേയിലാണ് വീര്‍ സോറനും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഫെബ്രുവരി 24-ന് സുഹൃത്തുക്കള്‍ സോലാങ്, സേതന്‍ മേഖലകള്‍ സന്ദര്‍ശിക്കാന്‍ പോയെങ്കിലും വീര്‍ കൂടെപ്പോകാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. വൈകുന്നേരം സുഹൃത്തുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ വീര്‍ ഉറക്കത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.


ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ വീറിന് കഠിനമായ തലവേദന അനുഭവപ്പെട്ടിരുന്നു. ഓണ്‍ലൈനായി വരുത്തിയ മരുന്ന് കഴിച്ച ശേഷം അദ്ദേഹം വീണ്ടും ഉറങ്ങാന്‍ പോയി. പിന്നീട് മുറിയില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് സുഹൃത്തുക്കള്‍ ചെന്നു നോക്കിയപ്പോള്‍ വീര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ മണാലി സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍ നിന്ന് പത വന്നിരുന്നതായും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കി.


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് മണാലി ഡിഎസ്പി കെ.ഡി. ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.


വീര്‍ സോറന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Advertisment