പഞ്ചാബ് പ്രളയം. 25 ശതമാനത്തിൽ താഴെ കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണം: ഹൈക്കോടതി

 പഞ്ചാബ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 25 ശതമാനത്തിൽ കൂടുതലുള്ള വിളനാശത്തിന് നഷ്ടപരിഹാരം നിർദേശിക്കുന്നുണ്ട്. അതിന് താഴെയുള്ളവരെ പൂർണമായും ഒഴിവാക്കുകയാണ്. 

New Update
photos(496)


ചണ്ഡീഗഢ്: പഞ്ചാബ് പ്രളയത്തിൽ 25 ശതമാനത്തിൽ താഴെ വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. 

Advertisment

നിലവിൽ 25 ശതമാനത്തിൽ താഴെയുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാൻ വകുപ്പില്ല. ഇത് പരിഹരിക്കാൻ വഴികൾ ആലോചിക്കണമെന്നാണ് ജസ്റ്റിസുമാരായ ഷീൽ നാഗു, സഞ്ജീവ് ബെറി എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാസു രഞ്ജൻ ഷാന്ദില്യ ആണ് കോടതിയെ സമീപിച്ചത്. 


 പഞ്ചാബ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 25 ശതമാനത്തിൽ കൂടുതലുള്ള വിളനാശത്തിന് നഷ്ടപരിഹാരം നിർദേശിക്കുന്നുണ്ട്. അതിന് താഴെയുള്ളവരെ പൂർണമായും ഒഴിവാക്കുകയാണ്. 

അതുവഴി പഞ്ചാബിലെ കർഷക ജനസംഖ്യയുടെ ഏകദേശം 85 ശതമാനം വരുന്ന ലക്ഷക്കണക്കിന് ചെറുകിട, നാമമാത്ര കർഷകർക്ക് സഹായം നിഷേധിക്കപ്പെടുന്നുവെന്നും ഹരജിയിൽ പറയുന്നു. 


ഇത് ഏകപക്ഷീയവും ഭരണഘടനയുടെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ ലംഘനവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.


പഞ്ചാബിൽ കർഷക ആത്മഹത്യകൾ (2015 ൽ മാത്രം 16,606 ൽ അധികം, 2002 മുതൽ ഓരോ 30 മിനിറ്റിലും ഒന്ന്) വൻതോതിൽ വർധിച്ചിട്ടുണ്ട്. സമീപകാല വെള്ളപ്പൊക്കങ്ങൾ (2025 ആഗസ്റ്റ്-സെപ്റ്റംബർ) രണ്ട് ലക്ഷത്തിലധികം ഏക്കർ ഭൂമിയെ ബാധിച്ചു. 

ഇത് പരിഹരിക്കാനാകാത്ത സാമ്പത്തിക, മനുഷ്യ നഷ്ടത്തിന് കാരണമായിട്ടുണ്ട്. കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

Advertisment