ചണ്ഡീഗഢ്: മനേസറിലെ മാരുതി സുസുക്കി പ്ലാന്റിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകർ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തിയെന്ന് ആരോപിച്ച് 'ദി വയർ' ന്യൂസ് സംഘത്തെ തടയുകയും കാമറയും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തു.
സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളെയാണ് പൊലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തത്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാർ സമരപാ തയിലായിരുന്നു. മാരുതി സുസുക്കി അസ്തായി മസ്ദൂർ യൂണിയന്റെ നേതൃത്വത്തിലായിരുന്നു മനേസറിലെ പ്ലാന്റിന് മുന്നിൽ പ്രക്ഷോഭം നടത്തി വന്നത്.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 2012ലെ സമരത്തിൽ പങ്കെടുത്ത് സസ്പെൻഷനിലുള്ള ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ തൊഴിലാളികൾ ഉയർത്തിയിരുന്നു.
ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങ ളിൽ നിന്നുള്ള ജീവനക്കാരും സമരത്തിൽ പങ്കെടുത്തിരുന്നു.
ജനുവരി പത്തിന് തങ്ങളുടെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം ഗുരുഗ്രാമിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. 4,000 ത്തോളം തൊഴിലാളികൾ ഒപ്പിട്ട നിവേദനമാണ് കമ്പനിക്കും തൊഴിൽ വകുപ്പിനും സമർപ്പിച്ചത്.
പ്ലാന്റിന് മുന്നിൽ സമരം നടത്തുന്നതിന് ഗുരുഗ്രാം സിവിൽ കോടതി അനുമതി നൽകിയിരുന്നതായി ജീവനക്കാർ പറഞ്ഞു. കമ്പനിക്ക് 500 മീറ്റർ മാറി, സ്ഥാപനത്തിൻ്റെ ദൈനം ദിന പ്രവർത്തനം തടസപ്പെടാത്ത വിധം പ്രതിഷേധം നടത്താനാണ് കോടതി അനുമതി നൽകിയത്.
എന്നാൽ 29ന് മനേസർ പൊലീസ് പ്രതിഷേധക്കാരുടെ ടെന്റുകൾ പൊളിച്ചു നീക്കുകയായിരുന്നുവെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
ന്യായമായ അവകാശത്തിന് വേണ്ടി പ്രതിഷേധിക്കുന്ന ജീവനക്കാരെ യാതൊരു കാരണവുമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഭാരവാഹിയായ അമിത് ചക്രവർത്തി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള മാരുതി സുസുക്കി കമ്പനി തൊഴിലാളികളെയാണ് ഹരിയാന പൊലീസ് കോടതിയുത്തരവ് ലംഘിച്ചും അറസ്റ്റ് ചെയ്തത്. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.