തിരുപ്പതി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദര്‍ശന ടിക്കറ്റ് കേന്ദ്രങ്ങള്‍ക്ക് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് സന്ദര്‍ശിക്കും.
ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ ടോക്കണുകള്‍ക്കായി തിരക്ക് കൂട്ടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മേധാവി ബിആര്‍ നായിഡു പറഞ്ഞു
4,000-ത്തിലധികം ഭക്തരാണ് സംഭവസമയം അവിടെ ഉണ്ടായിരുന്നത്. ഭരണകൂടം അശ്രദ്ധ കാണിച്ചുവെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഒരു ഡിഎസ്പി ഗേറ്റ് തുറന്നു. ഉടനെ എല്ലാവരും മുന്നോട്ട് നീങ്ങിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും ടിടിഡി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന വീഡിയോകളിലൊന്നില്‍ നൂറുകണക്കിന് ഭക്തര്‍ വൈകുണ്ഠ ദ്വാര ദര്‍ശനത്തിലേക്ക് ഇടുങ്ങിയ വഴിയിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കുന്നതും പ്രാദേശിക പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെടുന്നതും കാണാം
മറ്റൊരു വീഡിയോയില്‍ രണ്ട് വനിതാ ഭക്തര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ സിപിആര്‍ നല്‍കുന്നതും പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ മാറ്റുന്നതും കാണാം.